ചരിത്രം കുറിച്ച് ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ വനിത റഫറിമാരും. മൂന്ന് വനിത റഫറിമാരെയാണ് ഖത്തര്‍ ലോകകപ്പിനുള്ള പാനലിലേയ്ക്ക് ഫിഫ തിരഞ്ഞെടുത്തിരിക്കുന്നത്.
ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്, റവാന്‍ഡയുടെ സലിമ മുഖാന്‍സങ്ക, ജപ്പാന്റെ യോഷിമി യാമാഷീറ്റ എന്നിവരാണ് മല്‍സരങ്ങള്‍ നിയന്ത്രിക്കാനെത്തുന്ന വനിത റഫറിമാര്‍. ആദ്യമായാണ് പുരുഷ ലോകകപ്പിലേയ്ക്ക് വനിത റഫറിമാരെ നിയമിക്കുന്നത്. ചാംപ്യന്‍സ് ലീഗ് മല്‍സരം നിയന്ത്രിച്ച ആദ്യ വനിത റഫറിയാണ് സ്റ്റെഫാനി ഫ്രാപ്പാര്‍ട്. യൂറോപ്യന്‍ യോഗ്യതാ മല്‍സരങ്ങളും ലീഗ് വണ്‍ മല്‍സരങ്ങളും നിയന്ത്രിക്കുന്നു. ഇത്തവണത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ റഫറിയായി റവാന്‍ഡയുടെ സലിമയുമുണ്ടായിരുന്നു.
ജപ്പാനില്‍ നിന്നുള്ള യോഷിമി എ.എഫ്.സി ചാംപ്യന്‍സ് ലീഗില്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. 36 റഫറിമാരും 69 അസിസ്റ്റന്‍റ് റഫറിമാരും ഉള്‍പ്പെടുന്നതാണ് ലോകകപ്പ് പാനല്‍. വിഡിയോ ദൃശ്യങ്ങള്‍ പുനപരിശോധിക്കുന്നതിനായി 24 വാര്‍ ഓഫീഷ്യസും സംഘത്തിലുണ്ട്.