ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം ഫൈനല്‍ വരെ എത്തി നില്‍ക്കുകയാണ്. നാളെ രാത്രി 8.30 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജീവന്മരണ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ ഫ്രാന്‍സും  അര്‍ജന്റീനയും തമ്മിലാണ് പോര്. ടൂര്‍ണമെന്റില്‍ ഇതു വരെ തോല്‍വി വഴങ്ങാതെ കുതിച്ചെത്തിയ ഫ്രാന്‍സും സൗദി അറേബ്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെത്തിയ അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടം കടുക്കുമെന്നുറപ്പ്.

 

22– ാം ലോക കിരീട പോരിലെത്തി നില്‍ക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ നോക്കാം: 

 

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ച ടീം

 

ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ തവണ ബൂട്ട് കെട്ടിയ ടീം ജര്‍മനിയാണ്. 8 തവണയാണ് ജര്‍മനി ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കിയത്. 1954, 1966, 1974, 1982, 1986, 1990, 2002, 2014 വര്‍ഷങ്ങളില്‍.  1990 വരെ വെസ്റ്റ് ജര്‍മനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആറു തവണ  ഫൈനലിലെത്തിയ അര്‍ജന്റീന, ബ്രസീല്‍, നെതര്‍നലന്റ്്, ഇറ്റലി എന്നീ ടീമുകളാണ് പിന്നില്‍. നാലു തവണ ഫൈനലില്‍ വിജയിച്ച് കപ്പുയര്‍ത്താന്‍ ജര്‍മനിക്കായി. കളിച്ച ആറു ഫൈനലുകളില്‍ അഞ്ചും വിജയിച്ച ബ്രസീലാണ് കിരീട നേട്ടത്തില്‍ മുന്നില്‍.

 

ഫൈനലില്‍ കൂടുതല്‍ തവണ പരാജയപ്പെട്ടത്

 

ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ കൂടുതല്‍ തവണ പരാജയപ്പെട്ട ടീമും ജര്‍മനി തന്നെയാണ്. നാല് തവണയാണ് കപ്പിനും ചുണ്ടിനുമിടയില്‍ വിധി ജര്‍മനിക്ക് എതിരായത്. 1966, 1982, 1986, 2002 വര്‍ഷങ്ങളിലെ ഫൈനലുകളിലാണ് ജര്‍മനിക്ക് കാലിടറിയത്. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ പരാജയപ്പെട്ട അര്‍ജന്റീനയും നെതര്‍ലന്റുമാണ് പട്ടികയില്‍ തൊട്ടുപിന്നില്‍. ആറാം ലോകകപ്പ് ഫൈനലില്‍ ബൂട്ട് കെട്ടുന്ന അര്‍ജന്റീനക്ക് തോല്‍വിയാണ് വിധിയെങ്കില്‍ ജര്‍മനിക്കൊപ്പം പട്ടികയില്‍ ഒന്നാമതായി അര്‍ജന്റീനയുമുണ്ടാകും.