കേരളത്തിലേക്ക് അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം സൗഹൃദ മല്‍സരത്തിനെത്തുന്നുവെന്ന വാര്‍ത്ത സന്തോഷം നല്‍കുന്നുവെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനും രാജ്യം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളുമായ വിക്ടര്‍ അമല്‍രാജ്. കേരളം എക്കാലവും ഫുട്‌ബോളിനെ നെഞ്ചേറ്റിയ ജനതയാണ്. ചാംപ്യന്‍മാരെ തന്നെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അധികൃതര്‍ക്ക് അഭിനന്ദനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഫിഫയുടെ ചട്ടപ്രകാരമുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കേരളത്തിന് കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലയണല്‍ മെസി എത്തിയാല്‍ കേരളത്തിന് അത് പുതിയ ചരിത്രമാകും. മെസിയെ പോലൊരു ക്രൗഡ്പുള്ളര്‍ കേരളത്തെ ജനസാഗരമാക്കുമെന്നും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 

1984 ഇന്ത്യ– അര്‍ജന്‍റീന മല്‍സരത്തില്‍ നിന്ന് (ചിത്രം: വിക്കിപീഡിയ(ഇടത് ), വിക്ടര്‍ അമല്‍രാജ്

 

ചിത്രം:google

1984 ല്‍ നെഹ്‌റു കപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബൂട്ടുകെട്ടിയ താരമാണ് വിക്ടര്‍ അമല്‍രാജ്. അന്നത്തെ കളിയെ കുറിച്ചും അദ്ദേഹം മനോരമന്യൂസുമായി സംസാരിച്ചു. 40 വര്‍ഷം മുന്‍പുള്ള ആ കളിയെ കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുന്നതിങ്ങനെ.. 'അന്ന് ഈഡന്‍ ഗാര്‍ഡന്‍സ് ഫുട്‌ബോള്‍ പ്രേമികളെ കൊണ്ട് തിങ്ങി നിറഞ്ഞു. കാണികളുടെ കൂട്ടത്തില്‍ ദിലിപ് കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, ഉത്തംകുമാര്‍ എന്ന് തുടങ്ങി കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും താരങ്ങളെത്തി. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ വശ്യത അനുഭവിച്ചറിഞ്ഞ മല്‍സരമായിരുന്നു. മറഡോണയ്ക്ക് പകരക്കാരനായി ഓസ്കര്‍ ഗാരിയാണ് എത്തിയത്.  കരുത്തരായ താരങ്ങള്‍. പ്രബലരും ആക്രമണോല്‍സുകരുമായ അര്‍ജന്റീനയ്‌ക്കെതിരെ സ്വാഭാവികമായും പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ അന്ന് കളിച്ചത്. അപ്രതീക്ഷിത നീക്കങ്ങളാണ് കളിയിലുടനീളം അര്‍ജന്‍റീനയില്‍ നിന്നുണ്ടായത്.  ഒരു ഗോളിന് തോറ്റെങ്കിലും നെഹ്‌റു കപ്പില്‍ ഇന്ത്യയുടെ മികച്ച കളിയായിരുന്നു അന്നത്തേതെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

 

ഇന്ത്യന്‍ ഫുട്ബോള്‍ അതിന്‍റെ ചരിത്രത്തില്‍ ഏറ്റുമുട്ടിയ ഏറ്റവും വലിയ എതിരാളികള്‍ക്കെതിരെ ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് തോല്‍വി വഴങ്ങിയതെന്നായിരുന്നു മാധ്യമങ്ങള്‍ അന്നത്തെ കളിയെ വിശേഷിപ്പിച്ചത്. റെറ്റ് ഹാഫില്‍ പ്രേംദോര്‍ജിക്ക് പകരം കളിക്കാനിറങ്ങിയത് കൃഷ്ണേന്ദ റോയി. കളികാണാന്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ തിങ്ങി നിറഞ്ഞത് 75,000ത്തിലേറെ ജനം. കളിയുടെ അവസാനഘട്ടത്തില്‍  ബിശ്വജിത്തിന്‍റെ ക്രോസില്‍ കടന്നു പിടിച്ച ഥാപ ഉഗ്രന്‍ ഷോട്ടുതിര്‍ത്തുവെങ്കിലും പന്ത് ക്രോസ്ബാറിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു.  എന്തിനേറെ ഇന്ത്യ ഇത്ര നന്നായി കളിക്കുമെന്ന് താന്‍ കരുതിയില്ലെന്ന് അര്‍ജന്‍റീനയുടെ അന്നത്തെ കോച്ച് കാര്‍ലോസ് ബിലാര്‍ഡോ തുറന്നു പറഞ്ഞു. ഇന്ത്യയ്ക്കെതിരെ കളിച്ച അതേ ടീമാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ജേതാക്കളായത്. മറഡോണ ഒപ്പമുണ്ടായിരുന്നുവെന്ന് മാത്രം. 

 

Messi is a crowd puller,eagerly waiting for Argentina-India match ; Captain Victor Amalraj