TOPICS COVERED

രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ പരിശീലകരിലൊരാളായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തിൽ സജീവമായിരുന്നു. ഗോവ, സർവീസസ് ടീമുകൾക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ ചാത്തുണ്ണി, രാജ്യത്തെ മുൻനിര ക്ലബ്ബുകളെ  പരിശീലിപ്പിച്ചിട്ടുണ്ട്.

അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നു രാവിലെ എറണാകുളം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചാത്തുണ്ണിയുടെ അന്ത്യം. കളിക്കാരനായും പരിശീലകനായും നാലു പതിറ്റാണ്ട് കളത്തിൽ സജീവമായിരുന്നു ചാത്തുണ്ണിയെന്ന ചാലക്കുടിക്കാരൻ. 70കളിൽ ദേശീയ ടീമിനായി പ്രതിരോധക്കോട്ട കെട്ടിയ കളിക്കാരനാണ് ചാത്തുണ്ണി. ഈ കാലഘട്ടത്തിൽ ഗോവ, സർവീസസ് ടീമുകൾക്കായി സന്തോഷ് ട്രോഫിയിൽ കളത്തിലിറങ്ങി. പരിശീലകൻ എന്ന നിലയിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു കുതിപ്പ്. രാജ്യത്തെ മുൻനിര ക്ലബ്ബുകളായ മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഡെംപോ ഗോവ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു.

കേരള പൊലീസിനെ രാജ്യത്തെ മുൻനിര ക്ലബ്ബായി വളർത്തിയെടുത്ത ചാത്തുണ്ണി ഫെഡറേഷൻ കപ്പ് കിരീടം ആദ്യമായി കേരളത്തിലേക്ക് എത്തിച്ചു. 1979ൽ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെയും പരിശീലിപ്പിച്ചു. ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, ജോപോൾ അഞ്ചേരി, യു.ഷറഫലി, കുരികേശ് മാത്യു തുടങ്ങിയ താരങ്ങളെല്ലാം ചാത്തുണ്ണിയുടെ ശിഷ്യന്മാരാണ്. തന്നെ ഉയരത്തിൽ എത്തിച്ചത് ചാത്തുണ്ണിയുടെ ശിക്ഷണം എന്ന് ഐ.എം.വിജയൻ അനുസ്മരിച്ചു. 'ഫുട്ബോൾ മൈ സോൾ' എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുള്ള ചാത്തുണ്ണി അവസാനകാലത്തും ഫുട്ബോൾ ചർച്ചകളിലടക്കം സജീവമായിരുന്നു. 

ENGLISH SUMMARY:

Former football player and coach TK Chathunni passed away