ദശരഥം എന്ന മോഹൻലാൽ ചിത്രം ഓർക്കുന്നില്ലേ. വാടകയ്ക്ക് ഒരു ഗർഭപാത്രം കണ്ടെത്തി സ്വന്തമായി ഒരു കുഞ്ഞിനെ ജനിപ്പിച്ചെടുക്കാനുള്ള ഒരു പുരുഷന്‍റെ അതിയായ ആഗ്രഹവും തുടർന്നുള്ള വൈകാരിക സങ്കീർണതകളുമാണ് ആ ചിത്രത്തിന്‍റെ പ്രമേയം. എന്നാൽ വാടകയ്ക്കല്ലാതെ, അമ്മയുടെ ശരീരത്തിന് പുറത്ത് ജീവന്‍റെ പിറവി സങ്കല്പിക്കാനാകുമോ?അതും ഫാക്ടറികളിൽ വലിയ തോതിലുള്ള ഉൽപ്പാദനം നടത്തുന്നതുപോലെ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കൽ. ജനിക്കാൻ പോകുന്ന കുഞ്ഞിന്‍റെ ബുദ്ധി, ഉയരം, ശക്‌തി, മുടിയുടെ നിറം, കണ്ണിന്‍റെ നിറം, സ്കിൻ ടോണ്‍ ഇവയൊക്കെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായാലോ..?!
പൊക്കിൾക്കൊടി ബന്ധമില്ലാതെ, പേറ്റുനോവറിയാതെ അമ്മയുടെ ഗര്‍ഭപാത്രത്തിന് പുറത്ത് ജീവന് ഇടം തിരയുകയാണ് ശാസ്ത്രലോകം. നവജാത ശിശു പരിചരണത്തില്‍ വലിയ ചുവടുവയ്പായെക്കാവുന്ന ആശയമാണ് കൃത്രിമ ഗര്‍ഭപാത്രം. 2017-ൽ പെൻസിൽവേനിയയിലെ ഫിലാഡൽഫിയ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഗവേഷകരിലാണ് കൃത്രിമ ഗര്‍ഭപാത്രം എന്ന ആശയം രൂപം കൊണ്ടത്. ആവശ്യമായ അളവില്‍ ഓക്സിജനും ഊഷ്മാവും പോഷകങ്ങളും അങ്ങനെ ഗര്‍ഭപാത്രത്തിന്‍റെ എല്ലാ ഗുണങ്ങളും ചേര്‍ന്ന ബയോബാഗ് അഥവാ ജൈവസഞ്ചിയാണ് ഗവേഷകരുടെ സങ്കല്‍പ്പത്തിലെ കൃത്രിമ ഗര്‍ഭപാത്രം. മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ ജനനവുമായി ബന്ധപ്പെട്ട സങ്കീർണതകള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ഈ ഗവേഷണത്തിലേക്ക് എത്തിച്ചത്.
ഗർഭപാത്രത്തിന് പുറത്ത് ജീവന്‍റെ വളർച്ചയെക്കുറിച്ച് ലോകമെമ്പാടും വർഷങ്ങളായി നടത്തുന്ന ഗവേഷങ്ങളുടെ ഭാഗമാണ് ecto life എന്ന ആശയം. ഇത് പ്രകാരം അമ്മയുടെ ശരീരത്തിന് പുറത്ത് പ്രതിവർഷം 30,000 കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും വ്യക്തികൾക്ക് അവരുടെ യഥാർത്ഥ ജൈവ മാതാപിതാക്കാളാകാനും സാധിക്കും. ലാബിലുള്ള കൃത്രിമ ഗർഭപാത്രത്തിലാണ് ഭ്രൂണത്തെ വളർത്തിയെടുക്കുക. കൃത്രിമ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നതിന് മുൻപ് തന്നെ ഭ്രൂണത്തെ ജനിതക എഞ്ചിനീയറിംഗിന്‍റെ സഹായത്തോടെ ജനിതക രോഗ സാധ്യതകൾ ഇല്ലാതാക്കാനും സാധിക്കും. തീർന്നില്ല മൊബൈൽ ഫോണിലൂടെ കുഞ്ഞിന്‍റെ ഓരോ ഘട്ടത്തിലെയും വളർച്ചയും മോണിറ്റർ ചെയ്യാം. ബർലിനിൽ നിന്നുള്ള ബയോ ടെക്‌നോളജിസ്റ്റ് ഹാഷിം അൽഗെയ്‌ലിയുടേതാണ് (Hasheem Al Ghaili) ആശയം. ആഗോളതലത്തിൽ നവജാത ശിശു മരണനിരക്ക് കുറയ്ക്കുക എന്നതാണ് നിർമിത ഗർഭപാത്രം എന്ന ആശയം കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത്. W.H.O യുടെ കണക്കുകൾ പ്രതിദിനം ഏകദേശം 6500 നവജാതശിശുക്കള്‍ മാസം തികയാത്തതടക്കമുള്ള പ്രസവ സങ്കീർണതകൾ മൂലം ഭൂമി കാണാതെ പോകാറുണ്ട്. ഇത്തരം അവസ്ഥകൾ ഇല്ലാതാക്കാനും കടുത്ത ജനസംഖ്യ ഇടിവ് നേരിടുന്ന രാജ്യങ്ങളെ സഹായിക്കാനും കൃത്രിമ ഗർഭപാത്രം എന്ന ആശയം പ്രതീക്ഷയാണ്.
എപ്പോഴാണ് കൃത്രിമ ഗർഭപാത്രം മനുഷ്യരിൽ പരീക്ഷിക്കാനാവുക? എന്താണ് ഈ സാങ്കേതികവിദ്യയുടെ ഗുണങ്ങളും ദോഷങ്ങളും?
ഇതിനോടകം 300ഓളം അട്ടിന്‍കുട്ടികളിലും പന്നിക്കുട്ടികളിലും ശാത്രജ്ഞർ കൃത്രിമ ഗര്‍ഭപാത്രത്തിന്‍റെ പകർപ്പുകൾ പരീക്ഷിച്ചുകഴിഞ്ഞു. പൊക്കിള്‍ക്കൊടിയിലേക്ക് ഘടിപ്പിച്ച ട്യൂബുകൾ വഴി ലബോറട്ടറി നിർമ്മിത അമ്നിയോട്ടിക് ദ്രവവും ഓക്‌സിജനും നൽകി ഗര്‍ഭപാത്രത്തിന്‍റെ ആന്തരിക പരിതസ്ഥിതിയെ അനുകരിക്കുന്നതാണ് ചുരുക്കിപ്പറഞ്ഞാൽ കൃത്രിമ ഗർഭാശയ സാങ്കേതികവിദ്യ. നേരത്തെ ജനിക്കുന്ന കുഞ്ഞുങ്ങളെ അതിജീവനത്തിലേക്ക് കൈ പിടിച്ചുനടത്താനാകുമെന്ന കാര്യത്തിൽ കൃത്രിമ ഗർഭപാത്രം എന്ന ആശയം അൽഭുതകരമാണെങ്കിലും ഈ സാങ്കേതികവിദ്യ ഉന്നയിക്കുന്ന ചില ധാർമിക ചോദ്യങ്ങളുണ്ട്. ഏതൊരു സാങ്കേതിക വിദ്യയുമെന്നപോലെ തെറ്റായി ഉപയോഗിക്കാനുള്ള സാധ്യതകളാണ് ശാസ്ത്രലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഗർഭകാലം ബോധപൂർവം അവസാനിപ്പിക്കുകയോ പൂർണമായും ഗർഭപാത്രത്തിന് പുറത്ത് ജനനം നടത്തതാനുള്ള തിരഞ്ഞെടുപ്പുകളോ സമൂഹത്തിൽ ഏത് തരം പ്രത്യാഘതങ്ങൾ ഉണ്ടാക്കും എന്ന് പറയാനാകില്ല. രോഗസാധ്യതകളും ശിശു-മാതൃ മരണനിരക്കും കുറയ്ക്കുന്ന പ്രതീക്ഷാവഹമായ ഒരാശയം. എങ്കിലും സമ്പൂർണ്ണ എക്ടോജെനിസിസ് എന്നത് നിലവിൽ ഒരു അമൂർത്ത ആശയമായി തന്നെ തുടരുകയാണ്. എന്നാൽ അധികം വൈകാതെ അമ്മയില്ലാത്ത ജനനങ്ങൾ എന്ന വിസ്മയകരമായ സങ്കല്പത്തിന്‍റെ യാഥാർഥ്യത്തിലേക്ക് മനുഷ്യരാശി നടന്നടുക്കുക തന്നെയാണ്. 10മാസം ചുമന്നതിന്‍റെ കണക്കു പറയാൻ ഭാവിയിലെ അമ്മമാർക്ക് കഴിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.