ജീവനക്കാരില്‍ രണ്ട് പേരുമായി ലൈംഗീക ബന്ധം ആരോപിക്കപ്പെട്ട് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഇതില്‍ ഒരാള്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ജീവനക്കാരിയോട് തന്‍റെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളായ ജീവനക്കാരെ അസ്വസ്ഥപ്പെടുത്തുന്ന നയമാണ് സ്പേസ് എക്സും ടെസ്ലയും സ്വീകരിച്ചിരിക്കുന്നതെന്നും അത്തരത്തിലൊരു സംസ്കാരമാണ് അവിടെ നിലനില്‍ക്കുന്നതെന്നും സംഭവം പുറത്ത് വിട്ട അമേരിക്കന്‍ മാധ്യമം കുറ്റപ്പെടുത്തുന്നു.
മസ്കിനെതിരെ പുറത്ത് വരുന്ന ആരോപണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്. ജോലി സമയങ്ങളില്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം എല്‍എസ്ഡി, കൊക്കെയ്ന്‍, കെറ്റാമിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതില്‍പ്പെടും. ലൈംഗീക അതിക്രമങ്ങള്‍ തമാശയായി കാണുന്നുവെന്നും, പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കുറവ് വേതനമാണ് നല്‍കുന്നതെന്നും മസ്കിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പരാതി പറയുന്നവരെ പിരിച്ചുവിട്ടതായും കുറ്റപ്പെടുത്തുന്നു.
ടെസ്ലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളടക്കം മസ്കിനെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരത്തില്‍ സ്പേസ് എക്സ് ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരില്‍ ഒരാളും പരാതിയുമായി രംഗത്തെത്തിയിരുന്നു. തന്‍റെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുതിരയെ വാങ്ങി നല്‍കാമെന്നും മസ്ക് പറഞ്ഞതായായിരുന്നു യുവതിയുടെ പരാതി. 2016ലായിരുന്നു സംഭവം. അതുപോലെ തന്നോട് മസ്ക് തന്‍റെ മക്കളെ ഗര്‍ഭംധരിക്കാന്‍ ആവശ്യപ്പെട്ട് പല തവണ സമീപിച്ചതായി പരാതിയുമായി സ്പേസ് എക്സില്‍ നിന്ന് രാജി വെച്ച ഒരു യുവതിയും രംഗത്തെത്തിയിരുന്നു. 2013ലായിരുന്നു ഈ സംഭവം.
അതേസമയം പുറത്തുവന്ന റിപ്പോര്‍ട്ട് മുഴുവന്‍ അസത്യമാണെന്ന് സ്പേസ് എക്സും മസ്കിന്‍റെ അഭിഭാഷകരും അറിയിച്ചു.റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതാണെന്നും, വ്യക്തി ഹത്യയാണെന്നും സ്പേസ് എക്സ് അറിയിച്ചു.തങ്ങള്‍ക്കെതിരെ ശക്തി പ്രയോഗിക്കുന്നതില്‍ ഇത്തരക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്നും സ്പേസ് എക്സ് കൂട്ടിച്ചേര്‍ത്തു