റുജ ഇഗ്നതോവ. ചിത്രം: Federal Bureau of Investigation.

റുജ ഇഗ്നതോവ. ചിത്രം: Federal Bureau of Investigation.

എങ്ങും ചെറുതും വലുതുമായ സാമ്പത്തിക തട്ടിപ്പുകളാണ്. ഇവിടെ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് അമേരിക്ക വിശേഷിക്കുന്ന തട്ടിപ്പിന് പിന്നിലെ ബുദ്ധി ഇന്നും കാണാമറയത്താണ്. ലോക പൊലീസെന്ന് സ്വയം അഹങ്കരിക്കുന്ന അമേരിക്കയുടെ കണ്ണിൽപ്പെടാതെ 7 വർഷത്തോളം അജ്ഞാതമായി തുടരുന്ന റുജ ഇഗ്നതോവ അഥവാ ക്രിപ്റ്റോ ക്വീൻ വീണ്ടും വാർത്തകളിൽ നിറയുന്നത് ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ (എഫ്ബിഐ) പ്രഖ്യാപിച്ച പാരിതോഷികം കൊണ്ടാണ്. ബൾഗേറിയയിൽ ജനിച്ച ജർമൻപൗരത്വമുള്ള ക്രിപ്റ്റോ ക്വീനിൻറെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നൽകിയാൽ 42,71,48,673.20 രൂപ നൽകുമെന്നാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയുടെ പ്രഖ്യാപനം. 

ആരാണ്  റുജ ഇഗ്നതോവ

43 കാരിയായ റുജ ഇഗ്നതോവയെ ബൾഗേറിയയിൽ ജനിച്ച ജർമൻപൗരത്വമുള്ളയാളാണ്. 2014 ൽ ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ ഇവർ ആരംഭിച്ച വൺകോയിൻ എന്ന സ്ഥാപനം വഴി നടത്തിയ ക്രിപ്‌റ്റോ തട്ടിപ്പാണ് ഇവരുടെ പേരിലുള്ള പ്രധാന കുറ്റം. വൺ കോയിൻ എന്ന കമ്പനിയുടെ പേരിൽ വ്യാജ ക്രിപ്‌റ്റോ കറൻസി വിറ്റ് നിക്ഷേപകരുടെ 4 ബില്യൺ ഡോളർ തട്ടിച്ചു എന്നാണ് കേസ്. പിരമിഡ് മോഡിലാണ് വൺ കോയിൻ പ്രവർത്തിച്ചിരുന്നത്. നിലവിലുള്ള ഉപഭോക്താക്കൾ വൺ കോയിൻ വാങ്ങാൻ മറ്റുള്ളവരെ എത്തിച്ചാൽ കമ്മീഷൻ ലഭിക്കുന്നതായിരുന്നു രീതി. 

ബിറ്റ്കോയിന് എതിരാളി എന്ന നിലയ്ക്കാണ് ഇഗ്ന വൺ കോയിൻ അവതരിപ്പിച്ചത്. അമേരിക്കടക്കം ലോകമെമ്പാടും പ്രവർത്തിച്ച വൺ കോയിൻ മൂന്ന് മില്യൺ ഉപഭോക്താക്കൾ ഉണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. 2014 മാർച്ച് മുതൽ 2016 ഡിസംബർ വരെ മാത്രം ‌3.4 ബില്യൺ ഡോളറിനും 4 ബില്യൺ ഡോളറിനും ഇടയിലുള്ള തുക തട്ടിച്ചു എന്നാണ് കണക്ക്. വൺകോയിന് ഏതെങ്കിലും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പിന്തുണ ഉണ്ടായിരുന്നില്ല. യഥാർത്ഥ മൂല്യം ഇല്ലായിരുന്നു ഇവ ഉപയോഗിക്കാനാവില്ല.  

2022 മുതൽ അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻറെ (എഫ്ബിഐ) മോസ്റ്റ് വാൺഡഡ് ലിസ്റ്റിലുള്ള ആളാണ് റുജ ഇഗ്നതോവ. നേരത്തെ 1,00,000 ഡോളറാണ് എഫ്ബിഐ പാരിതോഷികം പ്രഖ്യാപിച്ചത്. പിന്നീടിത് 2.50 ലക്ഷം ഡോളറായി ഉയർത്തുകയായിരുന്നു. ഈയിടെയാണ് ഇത് 4 മില്യൺ പൗണ്ടായി ഉയർത്തിയത്. ഇത് ഏകദേശം 42,71,48,673.20 രൂപ വരും. 

ruja-ignatova-fbi-notice

റുജ ഇഗ്നതോവയ്ക്കായി എഫ്ബിഐ പുറത്തിറക്കിയ നോട്ടീസ്. ചിത്രം: Federal Bureau of Investigation.

കാണാമറയത് റുജ ഇഗ്നതോവ

ജർമൻ പാസ്പോർട്ടിലാണ് റുജ ഇഗ്നതോവ സഞ്ചാരമെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. 2017 ൽ സോഫിയയിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്ക് നടത്തിയ വിമാനയാത്രയാണ് അവസാനമായി റെക്കോർഡ് ചെയ്തിട്ടുള്ളത്. പലപ്പോഴും പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയയാകുന്ന റുജ ഇഗ്നതോവ രൂപം മാറി നടക്കുന്നതായി അന്വേഷണ സംഘം കരുതുന്നു. കണ്ടെത്താനായില്ലെങ്കിലും  റുജ ഇഗ്നതോവയുടെ അഭാവത്തിൽ വിചാരണ തുടങ്ങുമെന്നാണ് ബൾഗേറിയൻ പബ്ലിക്ക് പൊസിക്യൂട്ടർ വ്യക്തമാക്കിയത്. ബൾഗേറിയ കൂടാതെ ജർമനി, യുഎസ് എന്നിവിടങ്ങളിലും കേസുകൾ നിലവിലുണ്ട്. 

വൺ കോയിൻ സഹസ്ഥാപകൻ കാൾ സെബാസ്റ്റ്യൻ ഗ്രീൻവുഡ് 2018 ൽ തായ്‍ലാൻഡിൽ നിന്ന് അറസ്റ്റിലായിരുന്നു. അമേരിക്കയ്ക്ക് കൈമാറിയ പ്രതിക്ക് 20 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഒപ്പം നിക്ഷേപകർക്ക് 300 മില്യൺ ഡോളർ തിരികെ നൽകാനും കോടതി ഉത്തരവിട്ടുരുന്നു. റുജ ഇഗ്നതോവയുടെ സഹോദരൻ കോൺസ്റ്റൻ്റിൻ ഇഗ്നതോവിനെ 2019 മാർച്ചിൽ ലോസ് അഞ്ചൽസ് വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 34 മാസ തടവ് ശിക്ഷ അനുഭവിച്ച ശേഷം 2024 മാർച്ചിൽ ഇയാൾ മോചിതനായിട്ടുണ്ട്. അപ്പോഴും ഇഗ്നതോവിനെ പറ്റിയുള്ള ഊഹാപോഹങ്ങൾ പരക്കുകയാണ്. ബൾഗേറിയൻ മാഫിയ ഇഗ്നതോവിനെ കൊലപ്പെടുത്തിയതായാണ് ഈയിടെ പ്രചരിച്ച റിപ്പോർട്ടുകൾ.

ENGLISH SUMMARY:

Federal Beuro Of Investigation announce 42 crore rupees reward for giving information about cryptoqueen ruja ignatova.