അദാനി ഗ്രീന്‍ എനര്‍ജിയുമായി ബന്ധപ്പെട്ട കൈക്കൂലി കേസില്‍ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതോടെ പെട്ട് അദാനി ഗ്രൂപ്പ്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ 33 ബില്യണ്‍ ഡോളര്‍ ഇടിവ് വന്നതിനൊപ്പം അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നതും നിക്ഷേപിക്കുന്നതമായ കമ്പനികള്‍ പുനര്‍ ചിന്തനത്തിന് ഒരുങ്ങുകയാണ്.
വിവിധ കമ്പനികള്‍ അദാനി ഗ്രൂപ്പ് കമ്പനികളുമായി സഹകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ പല രാജ്യങ്ങളും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ അന്വേഷണ പരിധിയിലാക്കുകയാണ്.
അദാനിയുമായി സഹകരിക്കുന്ന ഫ്രഞ്ച് ഓയില്‍ കമ്പനിയായ ടോട്ടല്‍ എനര്‍ജീസ് അദാനി ഗ്രൂപ്പില്‍ ഇനി പുതിയ നിക്ഷേപങ്ങള്‍ നടത്തില്ലെന്ന് വ്യക്തമാക്കി. ഗൗതം അദാനിക്കെതിരായ കൈക്കൂലിക്കേസ് തങ്ങളെ അറിയിച്ചില്ലെന്നും കമ്പനി വ്യക്തമാക്കി.
യുഎസില്‍ കുറ്റാരോപിതരായ അദാനി ഗ്രീന്‍ എനര്‍ജിയില്‍ 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് ടോട്ടല്‍ ഗ്യാസ്. 4 -5 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപമൂല്യം വരുമിതിന്.
ടോട്ടല്‍ ഗ്യാസിന് 37.40 ശതമാനം നിക്ഷേപമുള്ള കമ്പനിയാണ് അദാനി ടോട്ടല്‍ ഗ്യാസ്. ടോട്ടല്‍ ഗ്യാസിന്‍റെ പ്രസ്താവന വന്നതിന് പിന്നാലെ അദാനി ഗ്രീന്‍ എനര്‍ജി 11 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 1.40 ശതമാനവും ഇടിഞ്ഞു.
അദാനി ഗ്രൂപ്പിന് പങ്കാളിത്തമുള്ള ശ്രീലങ്കയിലെ തുറമുഖ പദ്ധതിക്കായി 500 മില്യണ്‍ ഡോളര്‍ വായ്പ നല്‍കുന്ന യുഎസ് അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ അദാനിക്കെതിരായ കുറ്റപത്രത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പഠിക്കുകയാണെന്ന് വ്യക്തമാക്കി. നവംബറില്‍ കൊളംബോയിലെ തുറമുഖ പദ്ധതിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് ഏജന്‍സി വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളെ പറ്റി ശ്രീലങ്ക പഠിക്കുകയാണ്. രാജ്യത്ത് ഗ്രൂപ്പിനുള്ള പദ്ധതികളെ പറ്റിയും പഠിക്കും. പുതിയ സാഹചര്യത്തെ ഗൗരവമായി കാണുന്നതെന്നും അന്തിമ തീരുമാനമെടിത്തില്ലെന്നും സര്‍ക്കാര്‍.
കെനിയ രാജ്യത്തെ പ്രധാന വിമാനത്താവളമായ കെന്യാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് നല്‍കുന്ന 2 മില്യണ്‍ ഡോളറിന്‍റെ കരാറില്‍ നിന്നും പിന്മാറി.
Also Read: ലക്ഷ്യം കോടിപതി; 2,500 രൂപയുടെ പ്രതിമാസ എസ്ഐപി ഒരു കോടിയിലെത്താന്‍ എത്രനാള്‍ കാത്തിരിക്കണം
വിമാനത്താവളത്തിന് രണ്ടാമതൊരു റണ്‍വെ നിര്‍മിക്കാനും പാസഞ്ചര്‍ ടെര്‍മിനല്‍ നവീകരിക്കാനുമായി വിമാനത്താവളം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതായിരുന്നു കരാര്‍.
മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്ത് അദാനി പവറുമായി ഉണ്ടാക്കിയ വൈദ്യുത കരാറില്‍ അന്വേഷണം നടത്താന്‍ ബംഗ്ലാദേശ് കമ്മിറ്റിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസില്‍ കേസിന് കാരണമായ അദാനി ഗ്രീന്‍ എനര്‍ജിയുമായുള്ള വൈദ്യുത കരാര്‍ റദ്ദാക്കാന്‍ ആന്ധ്രാപ്രദേശ് തയ്യാറെടുക്കുന്നു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അദാനി ഗ്രൂപ്പ് നല്‍കിയ കൈക്കൂലി തുകയില്‍ ഭൂരിഭാഗവും ലഭിച്ചത് ആന്ധ്രയിലാണെന്നാണ് കുറ്റപത്രം പറയുന്നത്.
ഒഡീഷ, തമിഴ്നാട്, ചത്തീസ്ഗഡ്. ജമ്മു കാശ്മീര്‍ എന്നി സംസ്ഥാനങ്ങളില്‍ വൈദ്യുത കരാര്‍ ലഭിക്കാന്‍ 265 മില്യണ്‍ ഡോളര്‍ കൈക്കൂലിയാണ് അദാനി ഗ്രൂപ്പ് നല്‍കിയതെന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണ്ടെത്തല്‍. ഇതില്‍ 28 മില്യണ്‍ ഡോളറും ലഭിച്ചത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ്.