ഇന്ത്യയെ കളിപ്പാട്ട നിര്‍മാണത്തിന്‍റെ രാജ്യാന്തര ഹബ്ബാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിനായി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഉന്നതനിലവാരമുള്ള പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 'മെയ്ഡ് ഇൻ ഇന്ത്യ' ബ്രാൻഡിനെ പ്രതിനിധീകരിക്കുന്നവയായിരിക്കും ഉത്പ്പന്നങ്ങള്‍. ഗുണനിലവാര മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുകയും കസ്റ്റംസ് തീരുവ വർധിപ്പിക്കുകയും ചെയ്തതോടെ ഈയിടെ ചൈനീസ് ഇറക്കുമതി കുറയുകയും ആഭ്യന്തര ഉൽപ്പാദനം വർധിക്കുകയും ചെയ്തിരുന്നു.
സ്റ്റാര്‍ട്ടപ്പുകളെ ഉത്തേജിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകള്‍ക്ക് 5 ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കും. ആദ്യ വർഷം ഇത്തരത്തിൽ 10 ലക്ഷം കാർഡുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. വനിതകള്‍, എസ്ടി, എസ്ടി വിഭാഗങ്ങള്‍ എന്നിവരിലെ അഞ്ചുലക്ഷം പുതുസംരംഭകര്‍ക്കായി രണ്ടുകോടി രൂപ വരെ വായ്പ അനുവദിക്കും. അടുത്ത അഞ്ചുവര്‍ഷമാണ് പദ്ധതിയുടെ കാലാവധിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സ്റ്റാന്‍ഡപ് ഇന്ത്യയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാവും പദ്ധതി നടത്തുക. സംരംഭകത്വ പരിശീലനമടക്കം സര്‍ക്കാര്‍ നല്‍കും.