ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ സാറ്റ്ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും സ്പെയ്സ്എക്സുമായി കരാറിലെത്തി. രാജ്യത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് സ്റ്റാർലിങ്കിന് സർക്കാർ അനുമതി ലഭിക്കണം എന്ന നിബന്ധനയോടെയാണ് രണ്ട് കരാറുകളും. സാറ്റ്ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകുന്നതോടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ആസ്വദിക്കാനാകും.
സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ജിയോ റീട്ടെയില്‍, ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ലഭ്യമാക്കുന്ന കരാറിലാണ് ജിയോ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം ഇന്‍സ്റ്റാളേഷന്‍ സൗകര്യവും കമ്പനി നല്‍കും. എയർടെലും ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കും. എയർടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാർലിങ്ക് ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യും.
ഇന്ത്യയിലെ ഗ്രാമീണ-വിദൂര പ്രദേശങ്ങൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുഗമമായ ഇന്റർനെറ്റ് സേവനങ്ങൾ സ്റ്റാർലിങ്കിലൂടെ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്പെയ്സ് എക്സുമായി കരാറിലെത്തിയതോടെ പരമ്പരാഗത ബ്രോഡ്‌ബാൻഡിൽ നിന്നും സാറ്റലൈറ്റ് ഇന്റർനെറ്റ് മേഖലയിലേക്ക് മത്സരം വ്യാപിപ്പിക്കുകയാണ് ടെലികോം ഭീമന്മാർ.
നേരത്തെ സ്റ്റ്ലൈറ്റ് സര്‍വീസിന്‍റെ സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജിയോയും സ്പെയ്സ് എക്സും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. സ്പെക്ട്രത്തിന്‍റെ കാര്യത്തില്‍ ജിയോ ലേലം ആവശ്യപ്പെട്ടപ്പോള്‍ ആഗോള രീതികൾക്ക് അനുസൃതമായി, ഭരണപരമായ വിഹിതം അനുവദിക്കണമെന്നാണ് മസ്കിന്‍റെ കമ്പനി ആവശ്യപ്പെട്ടത്.
വണ്‍വെബ് പ്രൊജക്ടുമായി നേരത്തെ സ്റ്റാലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്ത് എയര്‍ടെലുണ്ട്. 2023 നവംബറിൽ, ഭാരതി എയർടെല്ലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമായ വൺ വെബ്ബിന് വാണിജ്യ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സേവനം ആരംഭിക്കുന്നതിന് ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽനിന്ന് അനുമതി ലഭിച്ചിരുന്നു.
നഗരമേഖലകളില്‍ അതിവേഗ ഫൈബര്‍ ഒപ്ടിക് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ എയര്‍ടെലും ജിയോയും നല്‍കുന്നുണ്ട്. എന്നാല്‍ ഗ്രാമീണ, വിദൂര മേഖലകളിലാണ് കണക്ടിവിറ്റി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് 70 കോടി പേരും സ്ഥിരതയുള്ള കണക്ടിവിറ്റിക്ക് പുറത്താണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സ്റ്റാര്‍ ലിങ്കിന്‍റെ ലോ എര്‍ത്ത് ഓര്‍ബിറ്റ് (എല്‍ഇഒ) സാറ്റ്ലൈറ്റ് സാങ്കേതിക വിദ്യ നിലവിലെ അടിസ്ഥാനസൗകര്യ പ്രതിസന്ധി മറികടക്കുകയും നേരിട്ട് ബഹിരാകാശത്ത് നിന്നും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുകയും ചെയ്യും.
വില താങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. നിലവില്‍ സ്റ്റാര്‍ലിങ്ക് ഹാര്‍ഡ്‍വെയറുകള്‍ക്ക് 25,000-35,000 രൂപ വിലയുണ്ട്. മാസത്തിലെ സബ്സ്ക്രിപ്ഷന്‍ നിരക്ക് 5,000 രൂപ മുതല്‍ 7,000 രൂപ വരെയാണ്. ഇന്ത്യയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് നിരക്ക് മാസം 700-1500 രൂപയ്ക്കും ഇടയിലാണ്. വ്യാപാകമായ സ്വീകാര്യത ലഭിക്കുന്നതിന് സ്പേസ് എക്സിന് ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയം നടത്തേണ്ടി വരും. അല്ലെങ്കിൽ സർക്കാർ പിന്തുണയുള്ള ഡിജിറ്റൽ പദ്ധതികളുമായി പങ്കാളിത്തം വേണ്ടിവരും.