തിരിച്ചടിത്തീരുവ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പായി ഇന്ത്യയില്‍ നിന്നും അഞ്ച് വിമാനം നിറയെ ഐഫോണും മറ്റ് ഉല്‍പ്പന്നങ്ങളും ആപ്പിള്‍ യുഎസിലേക്ക് കടത്തിയതായി റിപ്പോര്‍ട്ട്. മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്ക് എത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ അഞ്ച് മുതല്‍ ആരംഭിച്ച 10 തിരിച്ചടിത്തീരുവയില്‍ നിന്നും രക്ഷപ്പെടാനാണ് പെട്ടന്നുള്ള കയറ്റുമതി. അതേസമയം പുതിയ താരിഫ് നയത്തിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലോ മറ്റേതെന്തിലും രാജ്യത്തോ ഐഫോണുകളുടെ വില വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നില്ലെന്നും മുതിര്‍ന്ന ആപ്പിള്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ട്രംപിന്‍റെ നികുതി ആഘാതം ഒഴിവാക്കാന്‍ ഇന്ത്യയെ കൂടാതെ ചൈനയിലെ നിര്‍മാണ കേന്ദ്രങ്ങളിൽ നിന്നും ചരക്കുകള്‍ യുഎസിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവഴി തല്‍ക്കാലത്തേക്ക് വിലയില്‍ മാറ്റമില്ലാതെ പിടിച്ചു നില്‍ക്കാന്‍ ആപ്പിളിന് സാധിക്കും. അതേസമയം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇത് യുഎസ് മാര്‍ക്കറ്റില്‍ മാത്രം ഒതുങ്ങില്ലെന്നും ഇന്ത്യ അടക്കമുള്ള വിപണികളെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിവിധ രാജ്യങ്ങളോടുള്ള ട്രംപിന്‍റെ പുതിയ താരിഫ് നയം ആപ്പിളിന്‍റെ വിതരണ ശ്രംഖലയെ എങ്ങനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കമ്പനി. അതേസമയം ട്രംപിന്‍റെ നയം ആപ്പിളിന്‍റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാകും. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 54 ശതമാനം തീരുവ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനമാണ് തിരിച്ചടിത്തീരുവ ചുമത്തിയിട്ടുള്ളത്. നിലവില്‍ 9 ബില്യണ്‍ ഡോളറിന്‍റെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയാണ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും നടത്തുന്നത്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 54 ശതമാനം നികുതിയാണ് പുതിയ ട്രംപിന്‍റെ പ്രഖ്യാപനത്തിലുള്ളത്. ആപ്പിൾ ഫോണുകൾ ഭൂരിഭാഗവും നിർമിക്കുന്ന ചൈനയിലായതിനാല്‍ ആപ്പിള്‍ ഫോണിന് വില കൂടുമെന്ന വിലയിരുത്തലുണ്ട്. പുതിയ തീരുമാനത്തോടെ ഒന്നുകിൽ ആപ്പിള്‍ അധിക ചിലവ് വഹിക്കേണ്ടി വരും. അല്ലെങ്കിൽ ഉപഭോക്താക്കൾ സഹിക്കേണ്ടി വരും. അധിക ചിലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചാൽ ഐഫോണുകളുടെ വില 42 ശതമാനം വരെ ഉയരാമെന്നാണ് അനുമാനിക്കുന്നത്. പ്രീമിയം മോഡലുകളുടെ വില 2300 ഡോളറിന് അടുത്തെത്തും.