'ഇതുകണ്ടോ അമേരിക്കനാ... അബിബാസ്, ഇപ്പോൾ ഇതിന്റെ ഡൂപ്ലിക്കേറ്റ് ഇറങ്ങിയിട്ടുണ്ട് അഡിഡാസ്...' മിന്നൽ മുരളിയിലെ ടൊവീനോയുടെ കഥാപാത്രം പറഞ്ഞതുകേട്ട് ചിരിക്കാത്ത മലയാളിയുണ്ടാകില്ല. ഒറിജിനലിനോളം വളർന്ന ഡ്യൂപ്ലിക്കേറ്റ് വിപണിയാണ് ഇങ്ങനെയൊരു കോമഡിയെ വർക്ക്ഔട്ടാക്കിയത്. അഡിഡാസിന് മാത്രമല്ല, 15 രൂപയുടെ കുപ്പിവെള്ളത്തിനും 30 രൂപയുടെ ടൂത്ത്പേസ്റ്റിനും വരെ വ്യാജൻ ഇറങ്ങുന്ന വിപണിയാണ് ഇന്ത്യയിലേത്. രാജ്യത്തിന്റെ സമ്പദ്ഘടനയിൽ വലിയ ശോഷണമുണ്ടാക്കുന്ന, ഔദ്യോഗിക വിപണിയേക്കാൾ വിപുലമായ ഈ വ്യാജ വിപണിയെ വളർത്തുന്നതിൽ നമുക്കും വലിയ പങ്കുണ്ട്.
ഉപ്പുതൊട്ട് കർപ്പൂരം വരെ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാജ ഉൽപന്നങ്ങൾ ഉള്ളത് വസ്ത്രവിപണിയിലാണ്. ആകെ വ്യാജ ഉൽപന്നങ്ങളുടെ 31 ശതമാനം വസ്ത്ര വിപണിയിലാണെന്ന് ക്രിസിലും ഓതന്റിക്കേഷൻ സൊല്യൂഷൻ പ്രൊവൈഡേഴ്സ് അസോസിയേഷനും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കടുക്, പാചക എണ്ണ, നെയ്യ്, ഹെയർ ഓയിൽ, സോപ്പുകൾ, മരുന്നുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്കും വലിയ തോതിൽ വ്യാജൻമാരുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ, പഞ്ചാബ്, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് ഇതിന്റെ വ്യാപനം കൂടുതൽ. വസ്ത്രം കഴിഞ്ഞാൽ ഉപഭോക്തൃ ഉൽപന്നങ്ങളിലാണ് (FMCG) വ്യാജന്മാർ കൂടുതൽ. ഈ വിഭാഗത്തിൽ 28 ശതമാനവും വ്യാജ ഉൽപന്നങ്ങളെന്നാണ് റിപ്പോർട്ട്. ഓട്ടോമോട്ടീവ്‌സും (25%) ഫാർമസ്യൂട്ടിക്കൽസുമാണ് (20%) തൊട്ടുപിന്നിൽ.
വളരുന്ന വ്യാജ വിപണി
വർഷത്തിൽ ലോകത്ത് 1.7 ട്രില്യണിനും 4.5 ട്രില്യൺ ഡോളറിനും ഇടയിൽ മൂല്യമുള്ള വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നു എന്നാണ് കണക്ക്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യയേക്കാൾ (3.7 ട്രില്യൺ ഡോളർ) വലുതാണ് വ്യാജൻമാരുടെ വിപണിയെന്ന് ചുരുക്കം. 2019-20 സാമ്പത്തിക വർഷം ഇന്ത്യയിൽ 2.6 ട്രില്യൺ ഡോളറായിരുന്നു വ്യാജ ഉൽപന്നങ്ങളുടെ വ്യാപാരം. 2019 ൽ മാത്രം ഇത് 24 ശതമാനം വർധിച്ചു.
സാധനങ്ങൾ വ്യാജനാണെന്ന് അറിയാതെ വാങ്ങുന്നവരേക്കാൾ അറിഞ്ഞുകൊണ്ട് വാങ്ങുന്നവരാണ് കൂടുതലെന്ന് ഓതന്റിക്കേഷൻ സൊല്യൂഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ റിപ്പോർട്ട് പറയുന്നു. 31 ശതമാനം പേരാണ് അറിഞ്ഞുകൊണ്ട് വ്യാജൻ വാങ്ങുന്നത്. എന്നാൽ 27 ശതമാനം പേരും അറിയാതെ കബളിപ്പിക്കപ്പെടുകയാണ്. ഒരു ലക്ഷം കോടിക്ക് മുകളിലാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് വ്യാജൻമാർ കാരണം നഷ്ടമാകുന്നതെന്നും അസോസിയേഷൻ വെളിപ്പെടുത്തുന്നു.
ഒറിജിനൽ 'ബിസ്‍ലേരി' ഇവിടെയുണ്ട്!
2023 ന്റെ തുടക്കത്തിൽ, പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‍ലരിയെ ടാറ്റ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുകയായിരുന്നു. അതിൽ ഉയർന്ന ഒരു പരിഹാസം ഇങ്ങനെയായിരുന്നു... ‘ബിസ്‍ലരി ആര് വാങ്ങിയാലും വ്യാജൻമാരുടെ ഭീഷണി പാരമ്പര്യ അവകാശമായി ലഭിക്കും’. ബിസ്‍ലരിയുടെ ഉടമയായ രമേഷ് ചൗഹാനും ഇക്കാര്യം അംഗീകരിക്കുന്നു. വ്യാജൻമാരെ നേരിടുന്നതിലെ പ്രതിസന്ധിയാണ് ടാറ്റയുമായുള്ള ഡീൽ നടക്കാതെ പോയതിന് കാരണമായത്. പേരും പ്രശസ്തിയുമുണ്ടെങ്കിലും 'ഞങ്ങളാണ് ഒറിജിനൽ' എന്ന് പറഞ്ഞുകൊണ്ടിരിക്കേണ്ട ഗതികേടാണ് ബിസ്‍ലരിക്ക് വ്യാജൻമാർ നൽകിയത്. ബിസ്‍ലരി എന്ന ഒറിജിനൽ, Belsri, Bislleri, Bilseri, Bisleri, Brislei എന്നുവേണ്ട, ഒടുക്കം BESTIE യിൽ എത്തി നിൽക്കുകയാണ് വ്യാജൻമാർ.
വ്യാജനിട്ട് വന്നാൽ അമേരിക്ക പൊക്കും
ഇന്ത്യയുടെ നഷ്ടം ഇത്രത്തോളമുണ്ടെങ്കിൽ അമേരിക്കയുടെ കാര്യം പറയാനുണ്ടോ. യുഎസ് എയർഫോഴ്സിന്റെ ഹെലികോപ്റ്ററുകൾക്കായി വിതരണം ചെയ്ത ഉൽപന്നങ്ങളിൽ പോലും ചൈനീസ് വ്യാജനെ അമേരിക്ക കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സൈന്യത്തിൽ വരെ വ്യാജനെ കണ്ടതോടെ പൂട്ടിക്കെട്ടാൻ അമേരിക്ക കച്ചകെട്ടി ഇറങ്ങി. വ്യാജവേഷമിട്ട് അമേരിക്കയിലെത്തിയാൽ അത്തരം ഉൽപന്നങ്ങളെ നശിപ്പിക്കാൻ തന്നെ യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിപിബി) ടീം റെഡിയാണ്.
അഡിഡാസ്, പ്യൂമ, നൈക്കി തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജൻ ധരിച്ചോ കയ്യിൽ കരുതുകയോ ചെയ്താൽ കണ്ടുകെട്ടുകയോ നശിപ്പിക്കുകയോ ചെയ്യും. ഓരോ ഇനത്തിലും ഒരെണ്ണം മാത്രം കൈവശം വയ്ക്കാനാണ് യുഎസ് കസ്റ്റംസ് അനുവദിക്കുന്നത്. ഇത് വ്യക്തിഗത ഉപയോഗത്തിനായിരിക്കണം. ഈ പരിധി കവിയുന്ന വസ്തുക്കൾ കണ്ടുകെട്ടും.
വ്യാജൻ വരുന്ന വഴി
വ്യാജ വസ്തുക്കളുടെ നിർമാണത്തിനും വിതരണത്തിനും വിൽപ്പനയ്ക്കും കുപ്രസിദ്ധരായ ചൈന തന്നെയാണ് ഈ വിപണിയിൽ ഒന്നാംസ്ഥാനത്ത്. വർഷങ്ങളായി, ആഗോള വ്യാജ വിപണിയിൽ ചൈനീസ് ആധിപത്യമാണ്. 2022 ൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങളുടെ മൂല്യത്തിന്റെ 60 ശതമാനവും ചൈനയിൽ നിന്നുള്ളവയാണ്. ഏതാണ്ട് രാജ്യങ്ങളിലും വ്യാജ ഉൽപ്പന്നങ്ങളുടെ നിർമ്മാണം തഴച്ചുവളരുന്നുണ്ട്. ഹോങ്കോങ്, യു.എ.ഇ, സിംഗപ്പുർ തുടങ്ങിയ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൂടെയും മറ്റ് ട്രാൻസിറ്റ് പോയന്റുകളിലൂടെയും വ്യാജൻമാർ വിപണിയിൽ എത്തുന്നു.
ഇന്ത്യയിലുണ്ട് നാല് വിപണി
യു.എസ് ട്രേഡ് റപ്രസന്റേറ്റീവ് പുറത്തിറക്കിയ ഏറ്റവും പുതിയ കുപ്രസിദ്ധ വിപണികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള നാല് മാർക്കറ്റുകളുണ്ട്. മുംബൈയിലെ ഹീര പന്ന, ഡൽഹി കരോൾ ബാഗിലെ ടാങ്ക് റോഡ്, ബെംഗളൂരുവിലെ സദർ പത്രപ്പ റോഡ് മാർക്കറ്റ് എന്നിവയാണ് പട്ടികയിലുള്ളത്. ഇതിനൊപ്പം ജനപ്രിയ ഇ-കൊമേഴ്‌സ് കമ്പനി ഇന്ത്യ മാർട്ട്.കോമും പട്ടികയിലുണ്ട്.