ബജറ്റിൽ സ്വർണത്തിൻറെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. കള്ളക്കടത്ത് കുറയുന്നതിനൊപ്പം സ്വർണ വില കുറയ്ക്കാനും തീരുമാനം സഹായിക്കുന്നു. ഇതുപോലൊരു തീരുമാനമാണ് സാധാരണക്കാർ പെട്രോൾ, ഡീസൽ വിലയിൽ പ്രതീക്ഷിക്കുന്നത്. ഇതിനായി പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിലേക്ക് കൊണ്ടുവരണം. പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് തയ്യാറാണെന്നും ഇതിന് പ്രധാന കടമ്പ സംസ്ഥാനങ്ങളുടെ സമവായമാണന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിന് വ്യവസ്ഥകൾ നിയമത്തിൽ അടങ്ങിയിട്ടുണ്ട്. ഇതിന് സംസ്ഥാനങ്ങൾ ജിഎസ്ടി കൗൺസിലിൽ സമവായത്തിലെത്തണം. അവർ നിരക്ക് തീരുമാനിക്കുകയും സമവായത്തിലെത്തുകയും ചെയ്താൽ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്താം. പെട്ടന്ന് തന്നെ നടപ്പിലാക്കാം എന്നിങ്ങനെയായിരുന്നു ധനമന്ത്രിയുടെ വാക്കുകൾ. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ ഉയർന്ന ഇന്ധന വില കുറയ്ക്കാനുള്ള നടപടിയായാണ് പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ കാണുന്നത്. നിലവിൽ പെട്രോളിനും ഡീസലിനും വാറ്റാണ് ചുമത്തുന്നത്. അതിനാൽ പ്രാദേശിക നികുതി അനുസരിച്ച് സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് പെട്രോൾ വില. വരുമാനം കുറയുമെന്നതിനാൽ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് അനുകൂല നിലപാടല്ല.
ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ നികുതിക്ക് മുകളിൽ നികുതി ചുമത്തുന്നത് ഒഴിവാക്കും. പെട്രോളിനും ഡീസലിനും മുകളിൽ കേന്ദ്രം എക്സൈസ് ഡ്യൂട്ടി ചുമത്തുമ്പോൾ സംസ്ഥാനങ്ങൾ വാറ്റിലൂടെയാണ് വരുമാനം ഉണ്ടാക്കുന്നത്. ഇവയെ ജിഎസ്ടിയിലേക്ക് കൊണ്ടു വന്നാൽ 28 ശതമാനം എന്ന നിരക്കിലാണ് നികുതി ഈടാക്കുക.