ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വർണത്തോട് താൽപര്യമുള്ളവർക്ക് സുവർണാവസരമാണ്. സ്വർണം കയ്യിലുള്ളവരെയും വാങ്ങാനിരിക്കുന്നവരെയും സന്തോഷിപ്പിക്കുന്ന മൂന്ന് പ്രഖ്യാപനങ്ങളാണ് ബജറ്റിൽ വന്നത്. ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത് വാങ്ങാനിരിക്കുന്നവർക്ക് നേട്ടമായി. വിൽക്കുമ്പോഴുള്ള ദീർഘകാല മൂലധന നേട്ട നികുതി 20 ശതമാനത്തിൽ നിന്ന് 12.50 ശതമാനമാക്കി കുറച്ചു. ഹോൾഡിങ് കാലയളവ് 24 വർഷമാക്കി ചുരുക്കിയതും വിൽക്കുന്നവർക്ക് ആശ്വാസമാണ്. ഇറക്കുമതിച്ചെലവ് കുറഞ്ഞതോടെ കള്ളക്കടത്തുകാരെ പൂട്ടിടാനുള്ള പ്ലാനും ധനമന്ത്രിയുടെ കയ്യിലുണ്ടെന്ന് വ്യക്തം.
കസ്റ്റംസ് നികുതി കുറഞ്ഞു
സ്വർണത്തിനും വെള്ളിക്കുമുള്ള ഇറക്കുമതി തീരുവ ബജറ്റിൽ 6 ശതമാനമാക്കിയാണ് കുറച്ചത്. പ്ലാറ്റിനത്തിൻറെ നികുതി 6.4 ശതമാനമായി കുറച്ചു. നിലവിൽ വിവിധ നികുതികൾ ചേർന്ന് 15 ശതമാനം നികുതിയാണ് സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ നൽകേണ്ടത്. ഇതിൽ 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെൻറ് സെസുമാണ്. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 15 ശതമാനത്തിൽ നിന്നും ആറ് ശതമാനമായാണ് കുറച്ചത്. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽ നിന്നും 5 ശതമാനമായും അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സെസ് അഞ്ചിൽ നിന്നും ഒരു ശതമാനമായും കുറച്ചു.
കള്ളക്കടത്തിന് വരുമാനം കുറയും
ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി നികുതിയാണ് കള്ളക്കടത്ത് സംഘം മുതലാക്കിയിരുന്നത്. കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറയുമ്പോൾ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുന്ന സ്വർണത്തിന്മേലുള്ള ലാഭം കുറയും. നേരത്തെയുള്ള ഇറക്കുമതി നിരക്ക് പ്രകാരം ഒരുകിലോ സ്വർണം ഔദ്യോഗിക ചാനൽ വഴി ഇന്ത്യയിൽ എത്തിക്കാൻ 9 ലക്ഷം രൂപയിലേറെ നികുതി നൽകണം. ഇത് ഇനി 3-4 ലക്ഷം രൂപയായി കുറയും. ഇതോടെ കള്ളക്കടത്ത് ലാഭകരമല്ലാതാകും. വേൾഡ് ഗോൾ കൗൺസിലിന്റെ കണക്ക് പ്രകാരം 160 ടൺ സ്വർണമാണ് ഇന്ത്യയിലേക്ക് വർഷം കള്ളകടത്ത് വഴി എത്തുന്നത്. വാർഷിക ഡിമാന്റിന്റെ 20 ശതമാനം വരുമിത്.
2024 സാമ്പത്തിക വർഷം ഇന്ത്യ 45.54 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം ഇറക്കുമതി ചെയ്തിരുന്നു. 2023-24 ലെ ഇറക്കുമതി അടിസ്ഥാനമാക്കി 28,000 കോടി രൂപയാണ് ഈ ഇനത്തിൽ വരുമാനമായി ലഭിച്ചത്. കള്ളകടത്ത് കുറയുമ്പോഴുള്ള വരുമാനവും സമാന്തര സമ്പദ്‍വ്യവസ്ഥയെ ഇല്ലാതാക്കാനുമാണ് സർക്കാരിന്റെ ശ്രമം.
നികുതിയും കുറഞ്ഞു
സ്വർണത്തിന്റെ നികുതിയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. നികുതി കണക്കാക്കാൻ ഉപയോഗിക്കുന്ന ഹോൾഡിങ് പീരിയഡ് 36 മാസത്തിൽ നിന്ന് 24 മാസമായി കുറച്ചു. രണ്ടുവർഷത്തിന് ശേഷം സ്വർണാഭരണം വിറ്റാൽ ദീർഘകാല മൂലധന നേട്ടത്തിന് നികുതി നൽകണം. ഇത് 20 തിൽ നിന്ന് 12.50 ശതമാനമാക്കി കുറച്ചത് നിക്ഷേപകന് നേട്ടമാണ്. അതേസമയം ലാഭത്തെ പണപ്പെരുപ്പവുമായി അഡ്ജസ്റ്റ് ചെയ്തിരുന്ന ഇൻഡെസ്‌ക്‌സേഷൻ ആനുകൂല്യം സർക്കാർ പിൻവലിച്ചു. രണ്ടുവർഷത്തിന് മുൻപ് വിറ്റാൽ നിക്ഷേപകന്റെ ആദായനികുതി സ്ലാബ് അനുസരിച്ചാണ് നികുതി ഈടാക്കുക. ഗോൾഡ് മ്യൂച്വൽ ഫണ്ടിനും സമാനമായ നികുതി ഘടനയാണ്. ഗോൾഡ് ഇടിഎഫിന് 12 മാസമാണ് ഹോൾഡിങ് പിരിയഡ്. ശേഷം 12.50 ശതമാനം നികുതി ഈടാക്കും.
അങ്ങനെയൊക്കെയാണെങ്കിലും ജനകീയമായ സോവറിൻ ഗോൾഡ് ബോണ്ട് തന്നെയാണ് ഇന്നും നികുതിയുടെ കാര്യത്തിൽ മുന്നിൽ. എട്ട് വർഷം എന്ന കാലയളവ് പൂർത്തിയാക്കിയാൽ നികുതിയില്ലാതെ റിട്ടേൺ പിൻവലിക്കാം. എന്നാൽ ബജറ്റ് തീരുമാനത്തിന് പിന്നാലെ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില ഇടിഞ്ഞത് സോവറിൻ ഗോൾഡ് ബോണ്ടിലും പ്രതിഫലിച്ചിരുന്നു. ഓഗസ്റ്റ് ആദ്യവാരം കാലാവധിയെത്തുന്ന സോവറിൻ ഗോൾഡ് ബോണ്ട് 2.6 ശതമാനം വരെയാണ് ബജറ്റ് ദിവസം ഇടിഞ്ഞത്. 2016 ഓഗസ്റ്റ് 5 ന് ഇഷ്യു ചെയ്ത സോവറിൻ ഗോൾഡ് ബോണ്ടാണ് കാലാവധി അടുക്കുന്നത്. ഈ സമയത്ത് സ്വർണ വില ഇടിയുന്നത് ബോണ്ട് നിക്ഷേപകർക്കുള്ള റിട്ടേണിനെ കുറയ്ക്കും. അതേസമയം ദീർഘകാലത്ത് ഈ പ്രതിസന്ധി മറികടക്കാനാണ് സാധ്യത.
വില കുറയുമോ?
ബജറ്റ് തീരുമാനത്തിന് പിന്നാലെ ഒറ്റയടിക്ക് 2,200 രൂപയാണ് ഒരു പവന് വില കുറഞ്ഞത്. ജൂലൈ 22 ന് 54,160 രൂപയിലുണ്ടായിരുന്ന സ്വർണ വില ബജറ്റ് ദിവസമായ ജൂലൈ 23 ന് രണ്ട് ഘട്ടമായാണ് 51,960 രൂപയിലേക്ക് എത്തിയത്. വീണ്ടും കുറഞ്ഞ സ്വർണം 50,400 രൂപയിലേക്ക് വരെ താഴ്ന്നു. എന്നാൽ തിരികെ ഉയരാൻ തുടങ്ങിയ സ്വർണം ജൂലൈ അവസാനിക്കുമ്പോൾ വീണ്ടും 51,000 രൂപ മറികടന്നു. ഓഗസ്റ്റ് ഒന്നിന് 51,600 രൂപയിലാണ് പവൻ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ ചലിപ്പിക്കുന്നത്.
യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന് മുന്നോടിയായിയാണ് ജൂലൈ അവസാനത്തോടെ സ്വർണ വില വർധിച്ചത്. അമേരിക്കയിൽ പണപ്പെരുപ്പം കുറയുകയാണെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന നിക്ഷേപകർക്ക് ഊർജമാണ്. സെപ്റ്റംബറിൽ തന്നെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർത്തുന്ന പ്രഖ്യാപനമാണിത്. ഇതോടെ യുഎസ് ട്രഷറി യീൽഡ് കുറയ്ക്കുകയും സ്വർണ വില ഉയരുകയും ചെയ്തു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ- പലസ്തീൻ വിഷയം സങ്കീർണമാകുന്നതും സ്വർണ വില ഉയർത്തും. അങ്ങനെയെങ്കിൽ സമീപ കാലത്ത് ആഭ്യന്തര വിപണിയിലും വില ഉയരുമെന്നാണ് സൂചന.