പെട്രോൾ വിലയിൽ ഉടന്‍ മാറ്റത്തിന് സാധ്യതയുണ്ടോ? വാഹനം ഉപയോഗിക്കുന്നവരുടെ നിരന്തരമുള്ള ചോദ്യമാണിത്. നീണ്ട കാലയളവിന് ശേഷം തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൊതുമേഖലാ എണ്ണ കമ്പനികൾ മാർച്ചിൽ ഡീസലിനും പെട്രോളിനും ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത്. ശേഷം ആഗോള വിപണിയിൽ എണ്ണ വില താഴ്ന്നെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. എണ്ണ വിലയുടെ പോക്ക് അനുസരിച്ച് ഇന്ത്യക്കാർക്ക് ആശ്വാസത്തിന് വകയുണ്ടോ ?
നിലവിലെ എണ്ണ വിലയുടെ അവസ്ഥ
ഇന്ത്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ സൂചകമായ ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ് ഉയരുകയാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയത്. 85 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ നിലവിൽ ബാരലിന് 84.96 ഡോളറാണ് (ജൂലൈവരെയുള്ള കണക്ക്) ഇന്ത്യൻ ക്രൂഡ് ബാസ്ക്കറ്റ്. ഇന്നത്തെ ഇന്ധന വില ഡൽഹിയിൽ 94.72 രൂപയാണ്. ക്രൂഡ് ബാസ്ക്കറ്റ് 60.47 ഡോളറായിരുന്ന കാലത്ത് 72.69 രൂപയായിരുന്നു ഇന്ധനവില. നിലവിൽ ആഗോള വിപണിയിൽ 79 ഡോളറിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്.
എണ്ണവില ഉയരുമോ?
2024 ൽ ഇനിയുള്ള മാസങ്ങളിൽ എണ്ണ വില 85-87 ഡോളർ പരിധിയിലേക്ക് ഉയരാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഒസ്വാളിന്റെ റിപ്പോർട്ട്. ഭൗമരാഷ്ട്ര സംഘർഷങ്ങൾ, വിതരണത്തിലെ കുറവ്, അമേരിക്കയിൽ നിന്നും പലിശ നിരക്ക് കുറച്ചുള്ള പ്രഖ്യാപനം എന്നിവയാണ് ക്രൂഡ് ഓയിൽ വിലയെ ഉയർത്തുന്ന ഘടകങ്ങൾ. ചൈനയിൽ നിന്നുള്ള അസ്ഥിരമായ ഡിമാൻറ് വില ഉയർത്തിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഇതിന്റെ ഭാഗമായി മാസത്തിൽ ബാരലിന് 2-3 ഡോളർ വർധിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ട് കാണുന്നത്.
പ്രതീക്ഷയ്ക്ക് വകയില്ല
വ്യാഴാഴ്ച എണ്ണ വില നേട്ടമുണ്ടാക്കിയിട്ടുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് കുറയ്ക്കുന്നത് എണ്ണ ഡിമാൻറ് ഉയർത്തുമെന്നുമാണ് പ്രതീക്ഷ. ഇതോടെ ബ്രെൻഡ് ക്രൂഡ് 79.93 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ എണ്ണവില കുറയ്ക്കാൻ ക്രൂഡ് ഓയിൽ വില ബാരലിന് 80 താഴെ എത്തണമെന്നാണ് സ്ഥാനമേറ്റ ഉടനെ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്. നിലവിൽ സർക്കാർ പെട്രോൾ- ഡീസൽ വില കുറയ്ക്കാൻ ഉദ്യേശിക്കുന്നില്ല. എന്നാൽ ക്രൂഡ് ഓയിൽ വില ബാരലിന് 70-80 ഡോളറിലേക്ക് വരുകയാണെങ്കിൽ പരിഗണിക്കാം എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ