gold-price

TOPICS COVERED

സ്വർണ വില കുറയാതെ മുന്നോട്ട് തന്നെ.  വിവാഹസീസൺ കൂടി എത്തിയതോടെ വില ഉയരുന്നത് ഉപഭോക്താക്കളെയും ജ്വല്ലറികളെയും ഒരുപോലെ സമ്മർദത്തിലാക്കും. രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്ന് നിൽക്കുന്നതാണ് കേരളത്തിലെയും വിലയെ സ്വാധീനിക്കുന്നത്. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച കേരളത്തിൽ സ്വർണ വില പവന് 160 രൂപയും ​ഗ്രാമിന് 20 രൂപയും ഉയർന്നു. ഇതോടെ പവന് 53,720 രൂപയും ​ഗ്രാമിന് 6715 രൂപയുമായി. സമീപ കാലത്ത് കേരളത്തിൽ വില ഉയരാനുള്ള സാധ്യതയും ഒരു പവൻ സ്വർണത്തിന് ചെലവാകുന്ന തുകയും നോക്കാം. 

യുദ്ധവും പലിശയും സ്വർണവും 

കേരളത്തിൽ സ്വർണത്തിൻറെ ഡിമാൻഡ് ഉയർന്നെങ്കിലും വില നിശ്ചയിക്കുന്നത്  രാജ്യാന്തരഘടകങ്ങളാണ്. അമേരിക്കയിൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്, സെപ്റ്റംബറിൽ പലിശകുറച്ചേക്കുമെന്ന സൂചന നിലനിൽക്കുന്നതും  പശ്ചിമേഷ്യയിലെ ഇസ്രയേൽ ഹമാസ് സംഘർഷവുമാണ് സ്വർണവില ഉയർത്തിയത്. . കഴിഞ്ഞാഴ്ച നടന്ന ജാക്സൺ ഹോൾ സിംപോസിയത്തിൽ പോളിസിയിൽ ചെറിയ മാറ്റത്തിനുള്ള സമയമായി എന്നാണ് ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞത്. 'യാത്രയുടെ ദിശ കൃത്യമാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സമയവും വേ​ഗവും വരാനിക്കുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ  അടിസ്ഥാനമാക്കിയാകും' എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 

അതേസമയം, വ്യാഴം വെള്ളി ദിവസങ്ങളിലായി, രണ്ടാം പാദത്തിലെ യുഎസ് ജിഡിപി വളർച്ച കണക്കും വ്യക്തിഗത ഉപഭോഗ ചെലവ് (പിസിഇ) വില സൂചികയും പുറത്ത് വരും. പണപ്പെരുപ്പം അളക്കാനുള്ള മാനദണ്ഡമായതിനാൽ വില സൂചികയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കണക്കാക്കിയതിനേക്കാൾ മികച്ച ഫലങ്ങൾ സമീപകാലത്ത് സ്വർണ വിലയെ ഉയർത്തും.

ഉയരുന്ന ഡോളർ, ചാഞ്ചാടുന്ന സ്വർണം 

ബുധനാഴ്ച രാജ്യാന്തര വിപണിയിൽ സ്പോട്ട് ​ഗോൾഡ് 2529.80 രൂപയിലേക്ക് എത്തിയിരുന്നു. ഇതാണ് കേരളത്തിൽ വില വർധിക്കാൻ കാരണം. 2501.90 ഡോളർ വരെ താഴ്ന്ന സ്വർണം 2,509.50 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ സൂചിക ശക്തമാകുന്നതാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഫെഡറൽ റിസർവിൽ നിന്നും വിപണി പ്രതീക്ഷിക്കുന്ന കുറവ് പലിശ നിരക്കിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ഡോളർ മുന്നേറ്റമുണ്ടാക്കുന്നത്. ഇന്നലെ 100.51 നിലവാരത്തിലായിരുന്നു യുഎസ് ഡോളർ സൂചിക 0.3 ശതമാനം ഉയർന്ന് 100.90 നിലവാരത്തിലെത്തിയിട്ടുണ്ട്. 

സ്വർണ വില ഉയരുമോ? 

ഓ​ഗസ്റ്റ് 20 തിന് രേഖപ്പെടുത്തിയ 2,531.60 ഡോളറാണ് സ്വർണത്തിന്റെ സർവകാല ഉയർന്ന വില. അതേസമയം, സ്വർണ വിലയിൽ നിരീക്ഷിക്കേണ്ട പ്രധാന നിലവാരത്തിലൊന്നാണ് 2,530 ഡോളറാണ്. വരാനിരിക്കുന്ന സൂചനകൾ സ്വർണ വിലയെ ഈ നിലവാരത്തിന് മുകളിലെത്തിച്ചാൽ 2,550 ഡോളർ വരെ സ്വർണ വില ഉയരും. അങ്ങനെയെങ്കിൽ കേരളത്തിലും സ്വർണ വില വർധനവ് പ്രതീക്ഷിക്കാം. സ്വർണ വില 2,500 ഡോളറിൽ നിന്ന് ഇടിവിലേക്ക് പോകുകയാണെങ്കിൽ 2,470 ഡോളർ വരെ വീണേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. 

ശ്രദ്ധിക്കണം ഈ ഘടകങ്ങൾ

2024 ലെ സ്വർണ വിലയെ മുന്നോട്ട് നയിച്ചേക്കാവുന്ന നിരവധി സംഭവവികാസങ്ങളുണ്ട്. സെപ്റ്റംബർ യോ​ഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചാൽ ഡോളർ ദുർബലമാവുകും സ്വർണ വില പുതിയ ഉയരം തൊടാനും സാധ്യതയുണ്ട്. ഒക്ടോബറിൽ ഇസ്രയേൽ- ഹമാസ് സംഘർഷത്തിന്റെ വാർഷികമാണ്. സംഘർഷത്തിൽ ഇറാനും ഹിസ്ബുല്ലയും കൂടെ സജീവമാകുന്നതും റഷ്യ-യുക്രൈൻ യുദ്ധം അവസാനമില്ലാതെ നീളുന്നതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ഡിമാന്റ് വർധിപ്പിക്കും.

2024 നവംബറിലെ യുഎസ് തിരഞ്ഞെടുപ്പ് മറ്റൊരു പ്രധാന സംഭവം. പുതിയ പ്രസിഡന്റിന്റെ സാമ്പത്തിക, വ്യാപാര, നയതന്ത്ര നയങ്ങൾ സ്വർണത്തെ സ്വാധീനിക്കാം. ഇതിനൊപ്പമാണ് കേന്ദ്രബാങ്കുകളുടെ സ്വർണ ഭ്രമം. കഴിഞ്ഞ മാസം ചൈന 17 ശതമാനമാണ് ഇറക്കുമതി ചെയ്തത്. ബ്രിക്‌സ് സബ്മിറ്റ് ഒക്ടോബറിൽ നടക്കുന്നുണ്ട്. 2022 മുതൽ സ്വർണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ ബ്രിക്‌സ് രാജ്യങ്ങളാണ്. ഡോളറിന്റെ ആധിപത്യത്തിന് ബദലായി സ്വർണ വിലയെ സ്വാധീനിക്കുന്ന തീരുമാനങ്ങൾ വന്നാലും സ്വർണം കുതിക്കും. 

ഒരു പവൻ വാങ്ങാൻ 

കേരളത്തിൽ ഇന്നത്തെ സ്വർണ വില പവന് 53,720 രൂപയാണ്. പത്ത് ശതമാനം പണിക്കൂലി വരുന്ന ഒരു ആഭരണത്തിന് ഇന്ന് ഏകദേശം, 60,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. സ്വർണത്തിന്റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ആഭരണ വിലയിലെ ഘടകങ്ങൾ. പണിക്കൂലി 5372 രൂപ, ഹാൾമാർക്ക് ചാർജ് 45+18% ജിഎസ്ടി) 53.10 രൂപ എന്നിവ ചേർന്നാൽ 59,145.10 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇത് അടക്കം 60,919 രൂപ വരും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ. ഒരു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു പവനും 5​ ഗ്രാമും വാങ്ങാം. 

എന്ത് ചെയ്യണം

സ്വർണ വില ഉയരുമ്പോൾ അധിക ചെലവില്ലാതെ വാങ്ങാനുള്ള വഴിയാണ് ​ഗോൾഡ് അഡ്വാൻസ് ബുക്കിം​ഗ്. ആവശ്യമായി സ്വർണത്തെ നിലവിലെ വിപണി വിലയിൽ ബുക്ക് ചെയ്തിടാനുള്ള മാർ​ഗമാണിത്. മിക്ക ജുവലറികളും ഈ സൗകര്യം നൽകുന്നത്. വിവാഹത്തിന് ഒരുങ്ങുന്നവർക്ക് അഡ്വാൻസ് ബുക്കിം​ഗ് ഏറെ പ്രയോജനം ചെയ്യും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്യേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച് അഡ്വാൻസ് ബുക്കിം​ഗ് നടത്താം 

ENGLISH SUMMARY:

Gold price in Kerala will up in wedding season?. How much the cost to buy one pavan ornament