gold

TOPICS COVERED

കേരളത്തില്‍ സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവന് 53,360 രൂപയും ഗ്രാമിന് 6,670 രൂപയിലുമാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 29 തിന് മാസത്തിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയ ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. 

അമേരിക്കയിലെ പണപ്പെരുപ്പ ഡാറ്റയിലെ സൂചനകളാണ് വില ഇടിവിന് കാരണം. പണപ്പെരുപ്പ ഡാറ്റ പ്രകാരം, പ്രതീക്ഷച്ചത്ര കുറവ് പലിശ നിരക്കിലുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് വിപണി. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞു. 2,496 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. 

സെപ്റ്റംബര്‍ 17,18 തീയതികളിലാണ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയ അവലോകന യോഗം ചേരുന്നത്. യോഗത്തില്‍ പലിശ നിരക്ക് സംബന്ധിച്ചെടുക്കുന്ന തീരുമാനം സ്വര്‍ണ വിലയെ സ്വാധീനിക്കും. 0.25 ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ സ്വർണ വിലയിൽ നേരത്തെ തന്നെ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. അതിനാൽ ഇനി സ്വർണ വില വലിയൊരു മുന്നേറ്റം നടത്താൻ 0.50 ശതമാനത്തിൻറെ പലിശ കുറയ്ക്കലോ ഭാവിയിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ നടത്തുമെന്ന സൂചനയോ ആവശ്യമാണെന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു. അല്ലാത്ത പക്ഷം സ്വർണ വിലയിൽ ചാഞ്ചാട്ടം കാണാമെന്നാണ് വിലയിരുത്തൽ. 

തുടര്‍ച്ചയായി വില കുറയുന്നത് വിവാഹ സീസണില്‍ സ്വര്‍ണം വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ആശ്വാസമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ​ഗോൾഡ് അഡ്വാൻസ് ബുക്ക് ചെയ്തിടാനാകും. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന അളവിന്റെ നിശ്ചിത ശതമാനം അടച്ച്  മുന്‍കൂര്‍ബുക്കിം​ഗ് നടത്താം. വില ഉയര്‍ന്നാലും ബുക്ക് ചെയ്ത വിലയില്‍ വാങ്ങാമെന്നതാണ് ആകര്‍ഷണം 

ENGLISH SUMMARY:

Kerala gold price fall Rs 200 per pavan on Monday chance for gold advance booking.