ആഗോള വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സെൻസെക്സും നിഫ്റ്റിയിലും ഇടിവ്. സെൻസെക്സ് 576 പോയിന്റിലധികം ഇടിഞ്ഞ് 81,833.69 നിലവാരത്തിലേക്ക് വരെ താഴ്ന്നു. 25,083.80 ആണ് നിഫ്റ്റിയുടെ ഇന്നത്തെ താഴ്ന്ന നിലവാരം. അമേരിക്കയിലെ തൊഴിൽ ഡാറ്റയ്ക്ക് മുന്നോടിയായി മാന്ദ്യത്തെ പറ്റിയുള്ള ആശങ്കകളാണ് വിപണിയെ സ്വാധീനിച്ചത്. ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 462.4 ലക്ഷം കോടിയിലേക്ക് വീണപ്പോൾ നിക്ഷേപകരുടെ സമ്പത്തിൽ 3.10 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. രാവിലെ 11.54 ന് സെൻസെക്സ് 82,143.81 ലും നിഫ്റ്റി 25,130.50 ലുമാണ് വ്യാപാരം നടക്കുന്നത്.
അമേരിക്കയിലെ മാന്ദ്യഭീതി ഐടി ഓഹരികളിലാണ് കൂടുതൽ പ്രകടമായത്. നിഫ്റ്റി ഐടി സൂചിക 1.4 ശതമാനം വരെ ഇടിഞ്ഞു. ഫിനാൻഷ്യൽ, മെറ്റൽ സെക്ടറുകളിലും കാര്യമായ ഇടിവുണ്ടായി. ഇൻഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എൽ ആൻഡ് ടി, ടി.സി.എസ്, ഭാരതി എയർടെൽ, എസ്.ബി.ഐ എന്നി ഓഹരികളിൽ കനത്ത ഇടിവ് നേരിട്ടു. ജെഎസ്ഡബ്ലു സ്റ്റീൽ, ടാറ്റ സ്റ്റീൽ ഓഹരികൾ 1.50 ശതമാനം വീതം ഇടിഞ്ഞു.
ക്രൂഡ് ഓയിൽ വില കുറഞ്ഞത് പെയിന്റ്, എണ്ണ കമ്പനികൾക്ക് നേട്ടമായി. എച്ച്‍.പി.സി.എൽ, ബി.പി.സി.എൽ, ഇന്ത്യൻ ഓയിൽ എന്നിവ 1- 3.50 ശതമാനം വരെ ഉയർന്നു. ഏഷ്യൻ പെയിന്റ്സ്, ഇൻഡിഗോ പെയിന്റ്സ്, ഷാലിമാർ പെയിന്റ്സ്, ബെർഗർ പെയിന്റ്സ് എന്നിവ 1.5-5 ശതമാനം വരം നേട്ടമുണ്ടാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സപ്ലൈ മാനേജ്‌മെൻ്റ് (ഐ.എസ്.എം) ഡാറ്റ പ്രകാരം ഓഗസ്റ്റിൽ അമേരിക്കയിലെ ഉൽപ്പാദനം മന്ദഗതിയിലാണ്. ഇതാണ് വെള്ളിയാഴ്ച വരാനിരിക്കുന്ന തൊഴിൽ ഡാറ്റയ്ക്ക് മുന്നോടിയായി മാന്ദ്യത്തെ പറ്റിയുള്ള ആശങ്കയുയർന്നത്. ഇതേ തുടർന്ന് ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയേയും ബാധിച്ചത്. ഏഷ്യൻ വിപണിയിൽ ടോക്കിയോ, തായ്പേയ് വിപണികൾ 3 ശതമാനം വരെ ഇടിഞ്ഞു.