തുടർച്ചയായ മൂന്നാം ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറി കേരളത്തിലെ സ്വർണ വില. പവന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ഗ്രാമിന് ആദ്യമായി വില 7,000 രൂപയിലുമെത്തി. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ നാല് വ്യാപാര ദിനങ്ങളിലായി കേരളത്തിൽ സ്വർണ വില തുടർച്ചയായി മുന്നേറുകയാണ്. നാല് ദിവസത്തിനിടെ 1,400 രൂപയാണ് സ്വർണ വിലയിലുണ്ടായ വർധന.
Also Read: വർഷം 10,000 രൂപ നിക്ഷേപിച്ചാൽ മക്കളെ കോടിപതിയാക്കാം! പദ്ധതിയുമായി സർക്കാർ; അറിയാം എൻപിഎസ് വാത്സല്യ
ആഗോള വിപണിയിൽ അനുകൂലമായ സാഹചര്യത്തിൽ ദിവസേന സർവകാല ഉയരം തൊടുകയാണ് സ്വർണം. ചൊവ്വാഴ്ച 2,635.29 ഡോളറിൽ പുതിയ ഉയരം കുറിച്ച ശേഷം 2,634.32 ഡോളറിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഈ വർഷം ഇനിയും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷയും ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം തീവ്രമാകുന്നതും സ്വർണ വിലയെ ഉയർത്തുകയാണ്.
ഈ വർഷം നടക്കാനിരിക്കുന്ന ഫെഡ് യോഗങ്ങളിൽ 0.50-0.75 ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത നിക്ഷേപകർ കാണുന്നു. ഇതിന് അനുകൂലമാണ് ഫെഡറൽ റിസർവ് ഉദ്യോഗസ്ഥരുടെ സമീപകാല പ്രസ്താവനകൾ. ഇസ്രയേൽ ലബനനിൽ നടത്തിയ വ്യോമാക്രമണം സമ്പൂർണ യുദ്ധത്തിന്‍റെ സാധ്യത ഉയർത്തിയതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്‍റെ ഡിമാന്‍ഡ് ഉയർത്തി.
ഇന്ന് ഒരു പവൻ വാങ്ങാൻ ചെലവെത്ര?
ആഘോഷ സീസണിൽ സ്വർണ വില ഉയരുന്നത് വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടിയാണ്. ഇന്നത്തെ വിലയിൽ 22 കാരറ്റ് ഒരു പവന്‍റെ ആഭരണം വാങ്ങാൻ ഏകദേശം 63,000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. സ്വർണ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയാണ് ചേർത്താണ് ജുവലറികൾ ആഭരണ വില കണക്കാക്കുക. പവന് 56,000 രൂപ വരുമ്പോൾ 10 ശതമാനം പണിക്കൂലിയായ 5,600 രൂപ നൽകണം. ഹാൾമാർക്ക് ചാർജ് (45+18% ജിഎസ്ടി) 53.10 രൂപ, ഇത് രണ്ടും ചേർത്താൽ 61,653 രൂപ വരും. ഇതിന് മുകളിൽ 3 ശതമാനം ജിഎസ്ടി ഈടാക്കും. ഇതടക്കം 63,503 രൂപ വരും ഒരു പവൻ ആഭരണം വാങ്ങാൻ.