ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ കുതിച്ച് സ്വർണ വില. ഒറ്റയടിക്ക് ബുധനാഴ്ച 400 രൂപയാണ് കേരളത്തിൽ സ്വർണ വില വർധിച്ചത്. പവന് 56,800 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 7,100 രൂപയിലുമെത്തി. മൂന്ന് ദിവസമായി തുടരുന്ന വിലയിടിവിനാണ് ഇന്ന് മാറ്റം വന്നത്. ഇന്നത്തെ വില വർധനവോടെ കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ  ഏറ്റവും ഉയർന്ന വിലയിലേക്കെത്തി. 

Also Read: ഈ ജില്ലയിൽ നിന്ന് ഓണം ബംപറെടുക്കാൻ തിരക്കോട് തിരക്ക്; 25 കോടി എങ്ങോട്ട്?

56,800 രൂപയാണ് ഒരു പവൻറെ വിലയെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഇതിന്  മുകളിൽ ചെലവാക്കണം.10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,400 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം. സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.

വില കൂടാൻ കാരണം

മൂന്ന് ദിവസങ്ങളിലായി രാജ്യാന്തര വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് നടക്കുകയായിരുന്നു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്.  ഇറാൻ ആക്രമണ വാർത്തയ്ക്ക് പിന്നാലെ സ്വർണ വില രാജ്യാന്തര വിപണിയിൽ ഒരു ശതമാനം ഉയർന്ന് ഔൺസിന് 2,661 ഡോളറിലേക്ക് എത്തിയിരുന്നു.

2663.90 ഡോളർ വരെ കുതിച്ച സ്വർണ വില നിലവിൽ 2652-2,655 ഡോളർ വരെ താഴ്ന്നിട്ടുണ്ട്. യുദ്ധ സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി സ്വർണത്തിനുണ്ട്. ഇതാണ് സ്വർണത്തിന് ഡിമാന്റ് ഉയരാൻ കാരണം.

Also Read: പെട്രോൾ, ഡീസൽ വില അടുത്ത മാസം കുറയ്ക്കും? എത്ര രൂപ കുറയും; കാരണങ്ങൾ

കഴിഞ്ഞ ദിവസം ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്വർണ വില ഇടിഞ്ഞത്. അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കുമെന്നതിന്റെ വേഗത കുറയും എന്നാണ് അദ്ദേഹം നൽകിയ സൂചന. വർഷാവസാനം രണ്ട് തവണകളായി കാൽ ശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യത അദ്ദേഹം നൽകിയെങ്കിലും നവംബറിലെ യോഗത്തിൽ അര ശതമാനം പലിശ കുറയ്ക്കുന്നതിനുള്ള സാധ്യത കുറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 2,685 ഡോളറാണ് സ്വർണ വിലയിൽ നിലവിലുള്ള ഏറ്റവും ഉയർന്ന വില. 

ENGLISH SUMMARY:

Kerala gold price rise Rs 400 per pavan after Iran Israel conflit.