പെട്രോൾ, ഡീസൽ വിൽപ്പനയ്ക്ക് പെട്രോൾ പമ്പുടമകള്‍ക്കുള്ള ഡീലര്‍ കമ്മീഷൻ വർധിപ്പിച്ച് പെട്രോളിയം കമ്പനികൾ. പെട്രോൾ വിൽപ്പനയ്ക്കുള്ള കമ്മീഷൻ ലിറ്ററിന് 65 പൈസയും ഡീസലിന് ലിറ്ററിന് 44 പൈസയുമാണ് വർധിപ്പിച്ചത്. പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതെയാണ് വർധന.
നിലവിൽ കിലോലിറ്ററിന് 1,868.14 രൂപയും ബില്ലിങ് വിലയുടെ 0.875 ശതമാനവുമാണ് പെട്രോൾ വിലയിലെ കമ്മീഷൻ. ഡീസലിന് കിലോലിറ്ററിന് 1389.35 രൂപയും ബില്ലിങ് വിലയിൽ 0.28 ശതമാനവുമാണ് കമ്മീഷൻ. ഇതിന് മുകളിൽ 65 പൈസയും 44 പൈസയുമാണ് വർധന.
സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്ക ഫീസും എണ്ണ കമ്പനികൾ കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ധന വില 4.50 രൂപ വരെ കുറഞ്ഞു. ഒഡീഷ, ചത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് വില കുറഞ്ഞത്.
ഒഡീഷയിലെ കലിമേലയിൽ പെട്രോൾ വില ലിറ്ററിന് 4.69 രൂപയും ഡീസലിന് 4.55 രൂപയും കുറവ് വന്നതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിൽ കുറിച്ചു. ചത്തീസ്ഗഡിലെ സുഖ്മയിൽ പെട്രോൾ വിലയിൽ 2.09 രൂപയും ഡീസൽ വിലയിൽ 2.02 രൂപയുമാണ് കുറവ്.
Also Read: രാജ്യാന്തര എണ്ണ വില കുറയുന്നു; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുമോ? സാധ്യത ഇങ്ങനെ
സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്ക ഫീസ് കുറച്ചതോടെ പെട്രോൾ ഡിപ്പോയിൽ നിന്നും ദൂരെയുള്ള ജനങ്ങൾക്ക് എണ്ണ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വില വർധിപ്പിക്കാതെ ഡീലർ കമ്മീഷൻ വർധിപ്പിച്ചത് പമ്പുകളിലെത്തുന്ന ഏഴുകോടിയിലധികം വരുന്ന ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് ഇന്ധന വില കുറയാനുള്ള സാധ്യത മങ്ങി. ഇസ്രയേൽ- ഇറാന് മേൽ നടത്തിയ സംഘർഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുകയാണ്.
Also Read: 10,000 രൂപയുടെ നിക്ഷേപം 67 കോടി രൂപയായത് ഒറ്റദിവസം കൊണ്ട്; ഈ കുഞ്ഞൻ ഓഹരിയിൽ സംഭവിച്ചത് എന്ത്?
ഇസ്രയേൽ ആക്രമണം ഇറാൻറെ എണ്ണ കേന്ദ്രങ്ങളിലേക്ക് പടർന്നില്ല എന്നതാണ് ക്രൂഡ് വിലയിൽ കണ്ട ആശ്വാസത്തിന് കാരണം. എന്നാൽ പൊതുമേഖലാ എണ്ണ കമ്പനികളുടെ ലാഭം ഇടിയുകയാണ്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവയുടെ ജൂലായ്- സെപ്റ്റംബർ പാദഫലം പ്രകാരം ലാഭത്തിൽ 100 ശതമാനത്തിന് അടുത്താണ് ഇടിവ്. ലാഭം ഇടിഞ്ഞതോടെ എണ്ണ വില കുറയ്ക്കാനുള്ള സാധ്യതയും കുറഞ്ഞു.