INDIA-RELIGION-FESTIVAL-GOLD

സ്വര്‍ണാഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാം. അഞ്ചാം ദിവസവും കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു. ബുധനാഴ്ച പവന് 320 രൂപയുടെ കുറവോടെ 56,360 രൂപയിലാണ് കേരളത്തില്‍ സ്വര്‍ണം വ്യാപാരം ചെയ്യുന്നത്. ഗ്രാമിന് 40 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,045 രൂപയാണ് ഇന്നത്തെ വില. യുഎസില്‍ ട്രംപ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായ ഇടിവ് മുതലാക്കുകയാണ് കേരളത്തിലെ സ്വര്‍ണ വില.

സ്വര്‍ണ വില കുറഞ്ഞതോടെ ആഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ചെലവാക്കേണ്ട വിലയിലും കുറവ് വന്നിട്ടുണ്ട്. 10 ശതമാനം പണിക്കൂലുയുള്ള ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ ഏകദേശം 63,855 രൂപയോളം ചെലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്തുള്ള വിലയാണിത്. 

രാജ്യാന്തര വിപണിയിലെ വില ഇടിവാണ് കേരളത്തിനും ആശ്വസിക്കാനുള്ള വഴിതുറന്നത്. ട്രംപിന്‍റെ വിജയത്തിന് പിന്നാലെ ഡോളറും യുഎസ് ബോണ്ട് യീല്‍ഡും വര്‍ധിച്ചത്  സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ സെപ്റ്റംബറിന് ശേഷം ആദ്യമായി സ്വര്‍ണ വില 2600 ഡോളറിന് താഴെ പോയി. 

യുഎസ് ഡോളര്‍ സൂചികയും ബോണ്ട് യീല്‍ഡും മുന്നേറ്റം തുടര്‍ന്നതോടെ സ്വര്‍ണ വില 2596 ഡോളറിലെത്തിയിരുന്നു. ഫെഡറല്‍ റിസര്‍വിന്‍റെ പോളിസി നയങ്ങളെ പറ്റി വ്യക്ത നല്‍കുന്ന യുഎസിലെ പണപ്പെരുപ്പ കണക്ക് പുറത്ത് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. നിലവില്‍ 2,611 ഡോളറിലാണ് സ്വര്‍ണവില. 

രണ്ടാഴ്ചയ്ക്കിടെ കേരളത്തിലെ സ്വര്‍ണ വില കലങ്ങി മറിഞ്ഞതായി കാണാം. സര്‍വകാല ഉയരമായ 59,080 രൂപയിലെത്തിയ നവംബര്‍ ഒന്നിലെ വിലയില്‍ നിന്നും കുത്തനെ താഴേക്കാണ് ഇന്നത്തെ വിലയുള്ളത്. 13 ദിവസം കൊണ്ട് കുറഞ്ഞത് 2,720 രൂപ. ഇതില്‍ ചൊവ്വാഴ്ച മാത്രം കുറഞ്ഞത് 1,080 രൂപയാണ്. ട്രംപിന്‍റെ വിജയം ഉറപ്പിച്ച ശേഷം നവംബര്‍ ഏഴിന് 1,320 രൂപയും ഒറ്റദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ കുറഞ്ഞിരുന്നു. 

ENGLISH SUMMARY:

Gold Price fall Rs 320 per pavan in Kerala market.