തുടര്‍ച്ചയായ ഇടിവുകള്‍ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. തിങ്കളാഴ്ച പവന് 480 രൂപ വര്‍ധിച്ച്  55960 രൂപയിലെത്തി. 60 രൂപ വര്‍ധിച്ച് 6,995 രൂപയാണ് ഗ്രാമിന് വില. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 2,600 ഡോളറിനരികിലേക്ക് എത്തിയതാണ് കേരളത്തിലും വില വര്‍ധനയ്ക്ക് കാരണമായത്. 

Also Read: ഹൊ..എന്തൊരു ഇടിവ്; ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില കുറഞ്ഞ് 2,640 രൂപ; 51,000 രൂപയിലെത്തുമോ?

കേരളത്തില്‍ ഇന്ന് ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 60,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് വില കണക്കാക്കുന്നത്. ഇതുപ്രകാരം 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാന്‍ 63,402 രൂപയോളം ആവശ്യമാണ്. ഒരു ലക്ഷം രൂപയ്ക്ക് ഏകദേശം ഒന്നര പവന്‍റെ ആഭരണം ലഭിക്കും. 

റഷ്യയ്ക്കെതിരെ  ലോങ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുഎസ് ഭരണകൂടം യുക്രൈന് അനുമതി നല്‍കിയിട്ടുണ്ട്. യുദ്ധം ശക്തിപ്പെടുത്താൻ ഉത്തരകൊറിയൻ സൈന്യത്തെ വിന്യസിച്ച റഷ്യന്‍ നടപടിക്ക് പിന്നാലെയാണ് യുഎസ് നീക്കം. നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനൊപ്പം റഷ്യ– യുക്രൈന്‍ യുദ്ധവും രൂക്ഷമാകുമെന്ന ആശങ്കയില്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിനനുണ്ടായ ഡിമാന്‍റാണ് വില വര്‍ധനയ്ക്ക് കാരണം. 

അതേസമയം, ഡോളറിലുള്ള  ശക്തമായ വളര്‍ച്ച സ്വര്‍ണ വിലയില്‍ കാര്യമായ മുന്നേറ്റത്തിന് തടയിടുന്നത്. കഴിഞ്ഞാഴ്ചയാണ് ഡോളര്‍ സൂചിക വര്‍ഷത്തിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയത്.  2567.60 ഡോളറിലെത്തിയ സ്വര്‍ണ വില നിലവില്‍ 2588.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 

ENGLISH SUMMARY:

Gold prie rise Rs 480 per pavan in Kerala Market.