ആറു ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം വില കുറഞ്ഞ് സ്വര്‍ണം. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 7,200 രൂപയിലുമെത്തി.
പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ ഇന്ന് 65,260 രൂപയോളം നല്‍കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്തുള്ള വിലയാണിത്.
പവന് 59,000 രൂപയിലേക്ക് കുതിക്കുന്നതിനിടെയിലാണ് സ്വര്‍ണം യുടേണ്‍ എടുത്തത്. ആറു ദിവസത്തിനിടെ 2,920 രൂപ വര്‍ധിച്ചിടത്ത് നിന്നാണ് തിങ്കളാഴ്ച 800 രൂപ കുറഞ്ഞത്.
വില കുറയാന്‍ കാരണം ലാഭമെടുപ്പ്
രാജ്യാന്തര വിപണിയില്‍ ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ വില 2,700 ഡോളറിന് മുകളിലെത്തിയതോടെ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വിലയിടിയാന്‍ കാരണം. റഷ്യ– യുക്രൈന്‍ യുദ്ധം രൂക്ഷമായതോടെ സ്വര്‍ണ വില മൂന്നാഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 2720 ഡോളറിലേക്ക് എത്തിയിരുന്നു.
ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുത്തതോടെ സ്വര്‍ണ വില 1.30 ശതമാനത്തോളം ഇടിഞ്ഞ് 2,673 ഡോളറിലാണ് വ്യാപാരം. അതേസമയം റഷ്യ– യുക്രൈന്‍ യുദ്ധം നിലനില്‍ക്കുന്നത് സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള ഡിമാന്‍റ് നല്‍കുന്നുണ്ട്.