സ്വർണ വില കേട്ട് ഞെട്ടിയ വർഷമാണ് 2024. കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കുറച്ചെങ്കിലും അതിന്റെ നേട്ടമൊന്നും അധികനാൾ വിപണിയിൽ കണ്ടില്ല. ആഗോള സാഹചര്യത്തിന് അനുസരിച്ച് കുതിച്ചുകയറുകയായിരുന്നു സ്വർണ വില. 45,520 രൂപ വരെ താഴ്ന്നിരുന്ന സ്വർണ വിലയാണ് 14,120 രൂപ വർധിച്ച് 59,640 രൂപയിലേക്ക് വരെ കുതിച്ചത്. 2024 അവസാനിക്കുമ്പോൾ ആഗോള വിപണി പറയുന്നത് 2025 ലും വില കുതിക്കുമെന്നാണ്.
കേരളത്തിലെ സ്വർണ വില
ജനുവരി ആദ്യ ദിവസം 46,840 രൂപയിലിരുന്നു സ്വർണ വില. പിന്നീട് 47,000 രൂപ വരെ സ്വർണ വില വർധിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില നിലവാരമായ 45,520 രൂപ ഫെബ്രുവരി പതിനഞ്ചിനാണ് രേഖപ്പെടുത്തിയത്. മാർച്ച് 29 നാണ് സ്വർണ വില 50,000 കടക്കുന്നത്. ഏപ്രിൽ വില 54,520 രൂപ വരെയെത്തി. മേയ് 20 തിന് സ്വർണ വില 55,000 രൂപ കടന്നു.
ജൂലായിൽ ബജറ്റ് തീരുമാനമാണ് സ്വർണ വിലയെ താഴോട്ട് എത്തിച്ചത്. 55,000 രൂപയിൽ നിന്നാണ് 50,400 രൂപയിലേക്ക് ഈ മാസത്തിൽ എത്തിയത്. ഒക്ടോബറിൽ ട്രംപ് വിജയിക്കുമെന്ന സൂചനകൾ വന്നതിന് പിന്നാലെയാണ് മാസാവസാനത്തിൽ സ്വർണ വില 59,640 രൂപയിലെത്തിയത്.
ആഗോള വിപണിയിൽ 28% നേട്ടം
രാജ്യാന്തര വിപണിയിൽ 28 ശതമാനം വരെ കുതിപ്പ് സ്വർണ വിലയിലുണ്ടായി. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 2,000 ഡോളറിലുണ്ടായ സ്വർണ വില ഒക്ടോബർ 31 ന് 2,790.15 ഡോളറിലെത്തി. ഇതുവരെ കുറിച്ച ഏറ്റവും വലിയ വില. സ്വർണ വിലയിലുണ്ടായ ഉയർച്ചയ്ക്ക് നിരവധി ഘടകങ്ങളുണ്ട്. കേന്ദ്ര ബാങ്കുകൾ പലിശനിരക്കുകൾ കുറച്ച നടപടിയും മധ്യേഷ്യയിൽ ഇസ്രയേൽ സംഘർഷങ്ങളും സ്വർണത്തിന് തിളക്കം നൽകി.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഇന്ത്യയിൽ ഡിമാന്റ് വർധിപ്പിച്ചു. ഇതും വില വർധനവിന് കാരണമായി. ഇസ്രയേൽ സംഘർഷത്തിൽ ഇറാൻ കൂടി ചേർന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് വില വർധനവുണ്ടായി. സെപ്റ്റംബറിൽ അര ശതമാനമാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത്. ഇതിനൊപ്പം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് കാനഡ, സ്വിസ് നാഷൺൽ ബാങ്ക് പലിശ നിരക്ക് കുറച്ചതും സ്വർണത്തിന് നേട്ടമായി.
നവംബറിൽ ഡൊണാൾഡ് ട്രംപിന്റെ വിജയം സ്വർണത്തിന് തിരിച്ചടിയായി. ട്രംപിന്റെ വിജയത്തോടെ ഡോളർ ശക്തമായത് ഫെഡറൽ റിസർവിന്റെ കാൽശതമാനം പലിശ നിരക്ക് കുറച്ചിട്ടും സ്വർണ വില ഇടിച്ചു. മൂന്ന് ശതമാനമാണ് വില ഇടിഞ്ഞത്. ജൂലൈ മുതൽ നവംബർ വരെ 15 ശതമാനമാണ് സ്വർണ വിലയിലുണ്ടായ മുന്നേറ്റം.
2025 ലും കുതിപ്പ്
2024 ൽ കണ്ട കാരണങ്ങളുടെ ചലനങ്ങൾ തന്നെയാണ് വരുന്ന വർഷത്തിലും സ്വർണ വിലയെ സ്വാധീനിക്കാൻ പോകുന്നത്. ഡൊണാൾഡ് ട്രംപ് അധികാര കസേരയിലേക്ക് എത്തുന്നതോടെ ലോകത്ത് വ്യാപാരയുദ്ധം വർധിപ്പിക്കുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നുത്. ചൈനയ്ക്കും ബ്രിക്‌സ് രാഷ്ട്രങ്ങൾക്കും ട്രംപ് ഈയിടെ നൽകിയ മുന്നറിയിപ്പുകൾ ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ. യുഎസ് ഡോളർ നിരക്ക് ശക്തമായി തുടരുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നവർക്ക് തിരിച്ചടിയാകും.
മധ്യേഷ്യയിലെയും റഷ്യ– യുക്രൈൻ സംഘർഷവും കുറയുന്നത് സ്വർണ വിലയിൽ ഇടിവുണ്ടാക്കും. ട്രംപിന്റെ നയങ്ങൾ പണപ്പെരുപ്പത്തിന് കാരണമാകുകയാണെങ്കിൽ പലിശ നിരക്കിലെ നിലവിലെ സമീപനത്തിൽ നിന്ന് ഫെഡറൽ റിസർവിന് മാറേണ്ടി വരും. ഇതും സ്വർണ ത്തിനെ ബാധിക്കും. യു.എസുമായി വ്യാപാരയുദ്ധമുണ്ടായാൽ ഇത് ചെെനയിൽ നിന്നുള്ള വാങ്ങലിനെ ബാധിക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്.
അതേസമയം പണപ്പെരുപ്പത്തെ ബാധിക്കുന്ന കാര്യങ്ങളുണ്ടായില്ലെങ്കിൽ ഫെഡ് 2025 ലും പലിശ നിരക്ക് കുറയ്ക്കൽ തുടരും. ഇത് ഡോളറിനെയും ബോണ്ട് യീൽഡിനെയും ബാധിക്കുന്നതിനാൽ സ്വർണ വിലയെ ഉയർത്തും. ബുള്ളിഷ് ട്രെൻഡാണെങ്കിൽ ഡിസംബർ അവസാനത്തോടെ സ്വർണ വില ഔൺസിന് 3,150 ഡോളറിലെത്തുമെന്നാണ് ഗോൾഡ്മാൻ സാച് വിലയിരുത്തുന്നത്. യു.എസിന്റെ വ്യാപാര യുദ്ധവും സാമ്പത്തിക സ്ഥിതിയും കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകളും ഇതിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ കേരളത്തിൽ 70,000 രൂപയ്ക്ക് മുകളിൽ സ്വർണ വിലയെത്തിയേക്കാം.