രാജ്യാന്തര എണ്ണ വില കൂടുന്നതിന് അനുസരിച്ച് പെട്രോള്‍, ഡീസല്‍ വില കൂടുന്നുണ്ടെങ്കിലും വില കുറയുമ്പോള്‍ അത് പ്രതിഫലിക്കാറുണ്ടോ? രാജ്യാന്തര വില കൂടിയ സമയത്തെ അതേ വിലയിലാണ് ഇന്നും ഇന്ത്യക്കാരന്‍ പെട്രോളടിക്കുന്നത്. 2024 ഓഗസ്റ്റ് മുതല്‍ രാജ്യാന്തര എണ്ണ വില ബാരലിന് 80 ഡോളറിന് താഴെയാണ്. എന്നാല്‍ ഇതിന്‍റെ പ്രയോജനം രാജ്യത്തെ സാധാരണക്കാരന് ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന.
എണ്ണ വില നിശ്ചയിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നിവയുടെ ഗ്രോസ് റിഫൈനിങ് മാര്‍ജിനില്‍ കുറയുന്നതും എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയില്‍ നിന്നുള്ള നഷ്ടവുമാണ് വില കുറയ്ക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുമ്പോൾ കമ്പനി നേടുന്ന ലാഭമാണ് ഗ്രോസ് റിഫൈനിങ് മാര്‍ജിന്‍.
പൊതുമേഖലാ എണ്ണ കമ്പനികളുടെ ഗ്രോസ് റിഫൈനിങ് മാര്‍ജിന്‍ (ജിആര്‍എം) കഴിഞ്ഞ വർഷത്തേക്കാൾ വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. മറ്റൊരു കാരണം കമ്പനികൾക്ക് എല്‍പിജി സിലണ്ടറില്‍ നിന്നുള്ള നഷ്ടമാണ്. സർക്കാരിൽ നിന്നും നഷ്ടപരിഹാരം ലഭിക്കാത്തത് ഇക്കാര്യത്തില്‍ കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നു. ഇതിനൊപ്പം റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയിലെ ഡിസ്ക്കൗണ്ട് കുറഞ്ഞുവരുന്നതും തിരിച്ചടിയായി.
2024 മാര്‍ച്ചിലാണ് എണ്ണ കമ്പനികള്‍ അവസാനമായി വില കുറച്ചത്. രണ്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.71 രൂപയും ഡീസലിന് 94.69 രൂപയുമാണ്.
രാജ്യാന്തര വില 80 ഡോളറിന് താഴെ
ആഗോളതലത്തിൽ പ്രധാനമായും ചൈനയിൽ നിന്നുള്ള കുറഞ്ഞ ഡിമാൻഡാണ് വില 80 ഡോളറിന് താഴേക്ക് എത്തിക്കുന്നതിന്‍റെ പ്രധാന കാരണം. ഇതിനൊപ്പം പല രാജ്യങ്ങളും ഉൽപ്പാദനം വർധിപ്പിക്കുന്നതിനാൽ വിപണിയിൽ വിതരണം അധികമാണ്. ബുധനാഴ്ച ചെറിയ വര്‍ധന ക്രൂഡ് ഓയില്‍ വിലയിലുണ്ടായിട്ടുണ്ട്. ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 77.37 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
മധ്യേഷ്യയിലെ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് 2024 ഏപ്രിലിലാണ് ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളർ കടന്നത്. പിന്നീട് സെപ്തംബർ 10 ന് 69 ഡോളറിലേക്ക് കുറയുന്നതും കണ്ടു. ഒപെക്സ് ഇതരരാജ്യങ്ങളുടെ ഉത്പാദനം ഉയരുന്നത് ഈ വര്‍ഷം വിലയെ സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ബാരലിന് 76 ഡോളറായിരിക്കും 2025 ലെ ശരാശരി വിലയെന്നാണ് പ്രതീക്ഷ.
കമ്പനികളുടെ ലാഭം കുറവ്
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നി പൊതുമേഖല എണ്ണ കമ്പനികളുടെ ലാഭത്തില്‍ വലിയ ഇടിവാണ് സമീകാലത്തുണ്ടായത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ സംയോജിത ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദവുമായി താരതമ്യം ചെയ്താല്‍ 88 ശതമാനം ഇടിഞ്ഞു. 2024 ഒക്ടോബറില്‍ അവസാനിച്ച പാദത്തില്‍ 3,203 കോടി രൂപയായിരുന്നു മൂന്ന് കമ്പനികളുടെയും ലാഭം. എന്നാല്‍ 2023 ഒക്ടോബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 26,586 കോടി രൂപയായിരുന്നു.
എപ്പോള്‍ വില കുറയ്ക്കും
ക്രൂഡ് ഓയില്‍ വില ബാരലിന് 72-73 ഡോളറിനുള്ളില്‍ വരുകയോ വീണ്ടും താഴേക്ക് പോവുകയോ ചെയ്താല്‍ റീട്ടെയില്‍ വില കുറയ്ക്കാമെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. വില 80 ഡോളറിന് മുകളിലേക്ക് പോയാല്‍ വില കുറയാന്‍ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.