സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ജനുവരി മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് വില. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,280 രൂപയായി.
ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7285 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇതിനുമുൻപ് ഡിസംബർ 11,12 തീയതികളിൽ വില വർധിച്ച് പവന് 58,280 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
മൂന്നാം തീയതി 58,000ന് മുകളില്‍ എത്തിയ സ്വര്‍ണവില അടുത്ത ദിവസം കുറഞ്ഞിരുന്നു. തുടര്‍ന്ന് ഏതാനും ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വീണ്ടും 58,000ന് മുകളില്‍ എത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയുടെ മാറ്റത്തിന് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതും വിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.