സ്വര്‍ണ വില ഇപ്പോള്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുകയാണ്. സര്‍വകാല ഉയരമായ 59,640 രൂപയേക്കാള്‍ 40 രൂപ കുറവിലാണ് ഇന്നത്തെ സ്വര്‍ണ വില. ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്‍റെ നയങ്ങള്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് തിരിച്ചടികുന്ന മറ്റൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നു എന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ബജറ്റില്‍ കുറച്ച കസ്റ്റംസ് തീരുവ ഇത്തവണ വര്‍ധിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന സുപ്രധാന തീരുമാനം ബജറ്റിലുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് വ്യാപാരികളും സ്വര്‍ണ ഉപഭോക്താക്കളും. ജൂലായ് 23 ന് അവതരിപ്പിച്ച 2025 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനത്തില്‍ നിന്നും ആറു ശതമാനത്തിലേക്ക് കുറച്ചിരുന്നു. ഇതോടെ രാജ്യത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞിരുന്നു. ബജറ്റ് ദിവസം 2,200 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞത്. ഇതിന്‍റെ തുടര്‍ച്ചയായി 3,760 രൂപയുടെ ഇടിവാണ് വിലയിലുണ്ടായത്.
കസ്റ്റംസ് ഡ്യൂട്ടി കുറച്ച തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വരുന്ന ബജറ്റില്‍ പുനപരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി തീരുവ കുറച്ചതോടെ രാജ്യത്ത് സ്വര്‍ണ ഉപഭോഗം കൂട്ടുകയും വ്യാപാര കമ്മി ഉയര്‍ത്തുകയും ചെയ്തു. 2024 ഓഗസ്റ്റില്‍ ഇറക്കുമതി 104 ശതമാനം വര്‍ധിച്ച് 10.06 ബില്യണ്‍ ഡോളറായി. അതേസമയം കയറ്റുമതി 23 ശതമാനം ഇടിഞ്ഞ് 1.99 ബില്യണ് ഡോളറിലേക്ക് എത്തി. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ രാജ്യമായ ഇന്ത്യ ആവശ്യത്തിന്‍റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്.
2023 ല്‍ സ്വര്‍ണ ഇറക്കുമതിക്ക് 42.30 ബില്യണ്‍ ഡോളര്‍ ചെലവാക്കിയ ഇടത്ത് 2024 ന്‍റെ ആദ്യ 11 മാസങ്ങളില്‍ രാജ്യം 47 ബില്യണ്‍ ഡോളര്‍ ചെലവാക്കിയെന്നാണ് കണക്ക്. അതിനാല്‍ ഇറക്കുമതി നിയന്ത്രണത്തിലാക്കാന്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്നാണ് വിപണിയിലെ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഇത് സ്വര്‍ണ വിലയെ ബാധിക്കും. രൂപയുടെ മൂല്യ തകര്‍ച്ചയും രാജ്യാന്തര വിപണിയിലെ വില വര്‍ധനവും കാരണം കത്തികയറുന്ന സ്വര്‍ണ വിലയ്ക്ക് പുതിയ ഊര്‍ജമാകും ഈ തീരുമാനം.