2025 സാമ്പത്തിക വര്‍ഷത്തിലും റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന് ബംപര്‍ ലാഭവിഹിതം ലഭിച്ചേക്കും. രൂപയുടെ മൂല്യതകര്‍ച്ച നേരിടാന്‍ ഡോളര്‍ വില്‍പ്പനയിലൂടെ ആര്‍ബിഐ നേടിയ ലാഭമാണ് കേന്ദ്ര സര്‍ക്കാറിന് സഹായകമാവുക. ആര്‍ബിഐ 2 ലക്ഷം കോടി രൂപയായിരിക്കും കേന്ദ്ര സര്‍ക്കാറിന് നല്‍കുന്നതെന്നാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്‍റെ വിലയിരുത്തല്‍. ക്വാന്‍ഡ്ഇകോ റിസര്‍ച്ച് 1.50 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രൂപയുടെ ഇടിവ് തടയാന്‍ വലിയ അളവിലുള്ള ഡോളര്‍ വില്‍പ്പനയാണ് റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം നടത്തിയത്. ഏപ്രില്‍– നവംബര്‍ കാലത്ത് 196 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ വിറ്റത്. മുന്‍ സാമ്പത്തികവര്‍ഷമിത് 113 ബില്യണ്‍ ഡോളറായിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ കണക്ക് 250 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടറിന്‍റെ വിലയിരുത്തല്‍. 2023–24 സാമ്പത്തിക വർഷം 153 ബില്യൺ ഡോളറാണ് ആര്‍ബിഐ വിറ്റത്.
നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന വരുമാനം, ഡോളര്‍ വില്‍പ്പനയിലൂടെയുള്ള ലാഭം, കറന്‍സി പ്രിന്‍റിങ് ചാ്ര്‍ജ് എന്നിവയിലൂടെയുള്ള വരുമാനമാണ് റിസര്‍വ് ബാങ്ക് സാമ്പത്തിക വര്‍ഷാവസാനം റിസര്‍വ് ബാങ്കിന് കൈമാറുന്നത്. മൂലധന ആവശ്യങ്ങള്‍ക്ക് കുറച്ച് തുക മാറ്റിവച്ച ശേഷം ബാക്കി തുക കേന്ദ്ര സര്‍ക്കാറിലേക്ക് കൈമാറുന്നതാണ് പതിവ്.
ജിഡിപിയുടെ 0.1 മുതൽ 0.4 ശതമാനം വരെയാണ് ആര്‍ബിഐ നല്‍കിയിരുന്ന ലാഭവിഹിതം. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ ഇത് 0.5-0.55 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. മേയില്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡാണ് കൃത്യമായ തുക തീരുമാനിക്കുക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.10 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 87,416 കോടി രൂപയും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 30,307 കോടി രൂപയുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് ആര്‍ബിഐ നല്‍കിയ ലാഭവിഹിതം.
ദുര്‍ബലമായ ഉപഭോഗം, കുറഞ്ഞ നികുതി വരുമാനം എന്നിവയാല്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാറിന് വലിയ തുക ലഭിക്കുന്നത്. വലിയ തുക ഖജനാവിലേക്ക് വരുന്നതോടെ കേന്ദ്ര സര്‍ക്കാറിന് ക്ഷേമ പദ്ധതികളടക്കം ജനപ്രിയ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. വിദേശകടമെടുക്കല്‍ കുറയ്ക്കുന്നത് വഴി ധനകമ്മി കുറയ്ക്കാന്‍ സാധിക്കും. അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്കായി കൂടുതല്‍ തുക നീക്കിവയ്ക്കാം.