TOPICS COVERED

രണ്ട് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച പവന്  320 രൂപ വര്‍ധിച്ച് 63,840 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയാണ് ഇന്നത്തെ വില. രണ്ട് ദിവസത്തിനിടെ 960 രൂപ കുറഞ്ഞിടത്ത് നിന്നാണ് വീണ്ടും വില ഉയര്‍ന്നത്. രാജ്യന്തര വിലയിലുണ്ടായ വര്‍ധനവാണ് കേരള വിപണിയിലും മാറ്റത്തിന് കാരണം. 

10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഇന്ന് 72,000 രൂപയ്ക്ക് മുകളില്‍ ചെലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും. 

6438 രൂപ പണിക്കൂലിയും 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജും 3 ശതമാനം ജിഎസ്ടിയുമാണ് സ്വര്‍ണ വിലയില്‍ അധികമായി വരുന്നത്.  ഇതടക്കം 72,385 രൂപ ഒരു പവന് ചെലവാക്കണം. 

ഇന്നലെ 2,900 ഡോളറിന് താഴേക്ക് എത്തിയ രാജ്യാന്തര സ്വര്‍ണ വില വീണ്ടും മുന്നേറിയതാണ് വില ഉയരാന്‍ കാരണം. 2917 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. യുഎസിലെ പണപ്പെരുപ്പ കണക്ക് പ്രതീക്ഷിച്ചതിനും താഴെ എത്തിയതാണ് ഇന്നലെ വില ഇടിച്ചത്. 

അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ക്ക് യുഎസ് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് വീണ്ടും സ്വര്‍ണത്തിന് നേട്ടമായി. യുഎസ് ഉത്പ്പന്നങ്ങള്‍ നികുതി ഈടാക്കുന്ന രാജ്യങ്ങള്‍ക്ക് ഉടനെ സമാന രീതിയിലുള്ള നികുതി ചുമത്തുമെന്നാണ് ട്രംപ് ബുധനാഴ്ച പറഞ്ഞത്. ഇത് വ്യാപാര യുദ്ധത്തിന്‍റെ ഭീഷണി ഉയര്‍ത്തിയതാണ് സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് ഉയര്‍ത്തിയത്. 

അടുത്ത മാസങ്ങളില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ജുവലറികളിലെ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിങ് സൗകര്യം പരിഗണിക്കാം. ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ വാങ്ങാനും സഹായിക്കും. വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്‍റെ അളവ് അനുസരിച്ച് നിശ്ചിത ശതമാനം അടച്ച് മുന്‍കൂര്‍ബുക്കിങ് നടത്താം. വില ഉയര്‍ന്നാലും ബുക്ക് ചെയ്ത വിലയില്‍ വാങ്ങാമെന്നതാണ് ഈ രീതിയുടെ ആകര്‍ഷണം.

ENGLISH SUMMARY:

Gold prices in Kerala are on the rise again after a sharp drop in the past two days. The increase is attributed to a surge in international gold prices and global economic factors.