റെക്കോര്‍ഡ് ഉയരത്തിന് ബ്രേക്കിട്ടെങ്കിലും കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ട്. തിങ്കളാഴ്ച പവന് 400 രൂപയാണ് വര്‍ധിച്ചത്. വില 63,520 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,940 രൂപയാണ് ഇന്നത്തെ വില. ഈ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 72,000 രൂപയോളം ആവശ്യമാണ്.
സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.
ഫെബ്രുവരി 11 ന് 64,480 രൂപയിലെത്തി റെക്കോര്‍ഡ് ഇട്ടശേഷം സ്വര്‍ണ വില 63,120 രൂപ വരെ താഴ്ന്നിരുന്നു. രാജ്യാന്തര വിപണിയില്‍ ലാഭമെടുപ്പും രൂപയുടെ മൂല്യം മെച്ചപ്പെട്ടതുമാണ് കേരള വിപണിയിലുണ്ടായ ആശ്വാസത്തിന് കാരണം. എന്നാല്‍ കഴിഞ്ഞാഴ്ചയിലെ വില ഇടിവിന് അധികം ആയുസില്ലെന്നതാണ് ഇന്നത്തെ വില കാണിക്കുന്നത്.
വെള്ളിയാഴ്ച ഒരു ശതമാനത്തിലധികം ഇടിഞ്ഞ സ്പോട്ട് ഗോള്‍ഡ് തിരികെ കയറാന്‍ തുടങ്ങി. ഔണ്‍സിന് 2,904 ഡോളറിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. യുഎസ് പ്രസിഡന്‍റ് പ്രഖ്യാപിച്ച എതിര്‍ ചുങ്കത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി വിപണി കാത്തിരിക്കുകയാണ്. രാജ്യാന്തര വ്യാപാര യുദ്ധത്തിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണത്തിന്‍റെ സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഉയരുകയാണ്. ഇതാണ് വില കൂടാന്‍ കാരണം.