gold-price-update

TOPICS COVERED

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് കേരളത്തിലെ സ്വര്‍ണ വില 64,440 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 8,055 രൂപയായി.  18 കാരറ്റ് സ്വര്‍ണത്തിന് തിങ്കളാഴ്ച 72 രൂപയാണ് പവന് വര്‍ധിച്ചത്. 52,728 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,591 രൂപ. 

കഴിഞ്ഞാഴ്ചയാണ് സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തിയത്. പവന് 64,560 രൂപയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. ഫെബ്രുവരിയില്‍ 61,960 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണ വില 2,600 രൂപ വര്‍ധനയോടെയാണ് പുതിയ ഉയരം കുറിച്ചത്. ഈ വര്‍ഷം ഇതുവരെ 7,360 രൂപയാണ് സ്വര്‍ണ വില കൂടിയത്.  കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപയിലെത്താന്‍ ഇനി 560 രൂപ കൂടി മതി.

ഇന്നത്തെ പുതുക്കിയ വില പ്രകാരം 73,060 രൂപയോളം ചെലവാക്കിയാലാണ് പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാനാവുക. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.

രാജ്യാന്തര സ്വര്‍ണ വില സര്‍വകാല ഉയരത്തിന് അടുത്താണ്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 2934.82 നിലവാരത്തിലാണ് നിലവില്‍ വ്യാപാരം. വ്യാഴാഴ്ച രേഖപ്പെടുത്തിയ 2594.69 ഡോളറാണ് സര്‍വകാല ഉയരം. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് പ്ലാനുകള്‍ക്ക് പിന്നാലെ ഡിമാന്‍റ് ഉയര്‍ന്നതാണ് വില ഉയരാന്‍ കാരണം. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം കഴിഞ്ഞാഴ്ച വന്നിട്ടുണ്ട്. ഇതിനൊപ്പം ഈ ആഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ കണക്കുകളും സ്വര്‍ണ വിലയെ മുന്നോട്ടേക്ക് സ്വാധീനിക്കും. 

ENGLISH SUMMARY:

Gold prices in Kerala rise by Rs 80 per pavan, reaching Rs 64,440. With a 10% making charge, the cost of 1 pavan jewelry now exceeds Rs 73,000. Global gold rates also remain near record highs.