കേരളത്തില്‍ സ്വര്‍ണ വില ദിവസന്തോറും സര്‍വകാല ഉയരം തൊടുമ്പോള്‍ സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ആശങ്കയാണ്. കേരളത്തില്‍ ഈ മാസം മാത്രം 7,000 രൂപയ്ക്ക് മുകളില്‍ വില ഉയര്‍ന്നു. ഈ വില നോക്കുമ്പോള്‍ പലരുടെയും സ്വര്‍ണം വാങ്ങാനുള്ള പ്ലാനുകള്‍ തകര്‍ക്കുന്ന തരത്തിലാണ് സ്വര്‍ണ വിലയുടെ പോക്ക്. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളിക്ക് സ്വര്‍ണം വിലകുറവില്‍ വാങ്ങാന്‍ പറ്റിയ നഗരമാണ് ദുബായ്.
യുഎഇയിലെ സ്വര്‍ണ വില കേരളത്തേക്കാളും 2,000 രൂപയോളം കുറവാണെന്നത് തന്നെയാണ് ഇതിന് കാരണം. ബുധനാഴ്ച യുഎഇയിലെ സ്വര്‍ണ വില ഗ്രാമിന് 327 ദിര്‍ഹമാണ്. 23.72 വിനിമയ നിരക്ക് പ്രകാരം രൂപയിലേക്ക് കണക്കാക്കിയാല്‍ ദുബായില്‍ ഒരു ഗ്രാമിന് വരുന്ന വില 7756.26 രൂപയാണ്. പവന് 2616 ദിര്‍ഹമാണ് ഇന്നത്തെ വില. 62050 രൂപയെ ഒരു പവന് വില വരുന്നുള്ളൂ.
ഇനി ഇന്നത്തെ കേരളത്തിലെ വില പരിശോധിച്ചാല്‍, ഗ്രാമിന് 8,050 രൂപയും പവൻ വില 64,400 രൂപയുമാണ്. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 2,350 രൂപയുടെ കുറവ് ലഭിക്കും.
വാങ്ങേണ്ട അളവ് ഇങ്ങനെ
വിദേശത്ത് നിന്ന് 20 ഗ്രാം സ്വര്‍ണമാണ് പുരുഷന് നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുക. സ്ത്രീക്കാണെങ്കില്‍ 40 ഗ്രാം സ്വര്‍ണം കൊണ്ടുവരാം. സ്ത്രീയും പുരുഷനും ചേര്‍ന്ന് 7.5 പവന്‍ സ്വര്‍ണം ഇന്ത്യയിലേക്ക് നികുതി നല്‍കാതെ എത്തിക്കാം. എന്നാല്‍ സ്ത്രീകള്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന്‍റെ മൂല്യം 1 ലക്ഷം രൂപയും പുരുഷന്മാരുടേത് 50,000 രൂപയും കവിയാന്‍ പാടില്ല.
വാറ്റ് തിരികെ ലഭിക്കും
യുഎഇയില്‍ ടൂറിസ്റ്റ് വീസയിലെത്തുന്നവരാണെങ്കില്‍ ലാഭം ഇനിയുമുണ്ട്. രാജ്യം വിടുമ്പോള്‍ യുഎഇയില്‍നിന്ന് വാങ്ങിച്ച സാധനങ്ങളുടെ വാറ്റ് (നികുതി ) തുക തിരികെ കിട്ടാനുളള സംവിധാനമുണ്ട്. ഇത് സ്വർണത്തിനും ബാധകമാണ്. സ്വർണത്തിന്‍റെ വാറ്റ് തിരികെ ലഭിക്കുമ്പോള്‍ ആകെ നല്‍കിയ തുക വീണ്ടും കുറയും.