താഴ്ന്ന് നിന്നിടത്ത് നിന്ന് സ്വര്‍ണ വില ഉയര്‍ത്തി ട്രംപിന്‍റെ പ്രഖ്യാപനം. ബുധനാഴ്ച പവന് 440 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധന. ഇതോടെ സ്വര്‍ണ പവന് 64,520 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കൂടി 8065 രൂപയിലെത്തി.
കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിന് അടുത്താണ്. ഫെബ്രുവരി 25 ന് രേഖപ്പെടുത്തിയ 64,600 രൂപയാണ് കേരളത്തിലെ ഉയര്‍ന്ന വില.ഇതോടെ 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍ ആഭരണം വാങ്ങാന്‍ 73,150 രൂപയോളം ചെലവാക്കേണ്ടി വരും.
സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
യുഎസ് ഡോളറിലുണ്ടായ വീഴ്ചയും ആഗോള സമ്പദ്‍വ്യവസ്ഥ സംബന്ധിച്ച ആശങ്കകള്‍ക്കും ഒപ്പം യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് ഭീഷണിയാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസ്താവനയില്‍ യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപിന്‍റെ നികുതിക്ക് മറുപടിയായി, ചൈനയും കാനഡയും യു.എസ് ഉൽപ്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയതോടെ വ്യാപരയുദ്ധത്തിന്‍റെ ഭീഷണി ഉയര്‍ന്നു. ഇതാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണ വിലയില്‍ സ്വാധീനിക്കുന്നത്.
യുഎസ് കോണ്‍ഗ്രസിലെ ട്രംപിന്‍റെ പ്രസ്താവനയ്ക്ക് കാത്തിരിക്കുന്നതിനാല്‍ നേരിയ ഇടിവിലാണ് രാജ്യാന്തര സ്വര്‍ണ വിലയുള്ളത്. ട്രോയ് ഔണ്‍സിന് 2,911 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വില.