gold-jewellery

പുതിയ ഉയരം കുറിച്ച് രാജ്യാന്തര സ്വര്‍ണ വില. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 2,988 ഡോളറാണ് നിലവിലെ വില. 2992.30 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില നേരത്തെയുള്ള 2,954 ഡോളറാണ് മറികടന്നത്. താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും യുഎസ് ഉല്‍പാദക വിലയിലുണ്ടായ ഇടിവുമാണ് വിലയെ കുതിപ്പിന് കാരണം. അതോടെ കേരളത്തിലും സ്വര്‍ണ വില ഉയരുമെന്ന ആശങ്ക ശക്തമായി. 

വ്യാഴാഴ്ച വലിയ വര്‍ധനവാണ് കേരളത്തിലെ സ്വര്‍ണ വിലയിലുണ്ടായത്. ഗ്രാമിന് 55 രൂപ ഉയർന്ന് സ്വര്‍ണ വില സർവകാല ഉയരമായ 8,120 രൂപയിലെത്തിയിരുന്നു. പവന് 440 രൂപ കൂടി 64,960 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വില പുതിയ ഉയരത്തിലെത്തിയതോടെ കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപയിലേക്ക് കുതിച്ചേക്കും എന്നാണ് പ്രതീക്ഷ. 

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര നയങ്ങളെ തുടര്‍ന്നുള്ള വ്യാപര യുദ്ധത്തിന്‍റെ ആശങ്കകളും ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. ഫെബ്രുവരിയിൽ ഉൽപ്പാദക വിലയില്‍ മാറ്റമില്ലെന്നതാണ് യുഎസ് തൊഴിൽ വകുപ്പിന്റെ ഡാറ്റ കാണിക്കുന്നത്. യുഎസില്‍ തൊഴിലില്ലായ്മ ഗുണവിതിഹത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞാഴ്ച കുറവ് വന്നിട്ടുണ്ട്. 

അതിനാല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇതാണ് സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിന് കാരണം. പലിശ നിരക്ക് കുറയുന്നതോടെ ഡോളര്‍, ബോണ്ട് യീല്‍ഡില്‍ ഇടിവ് സംഭവിക്കുകയും സ്വര്‍ണ നിക്ഷേപത്തിന് താല്‍പര്യമുയരുകയും ചെയ്യും.

ആഗോള വ്യാപാര യുദ്ധത്തിൽ യുഎസിനെതിരെ യൂറോപ്യൻ യൂണിയനും രംഗത്തെത്തിയതും സ്വര്‍ണത്തിന് ഊര്‍ജമായി. ട്രംപിന്‍റെ നയങ്ങളിലാണ് ഈ വര്‍ഷം സ്വര്‍ണ വില കുതിക്കുന്നത്. 12 ശതമാനമാണ് ഈ വര്‍ഷം ഇതുവരെ രാജ്യാന്തര വിലയിലുണ്ടായ വര്‍ധന.

ENGLISH SUMMARY:

International gold prices reach a new high. The current price of spot gold stands at $2,977 per troy ounce, surging up to $2,981.60 and surpassing the previous record of $2,954. The rise is driven by uncertainties over tariffs and a decline in the US producer price index. This has intensified concerns about a potential gold price hike in Kerala.