അമേരിക്കയുടെ തിരിച്ചടിത്തീരുവ പ്രാബല്യത്തിലായതിന് പിന്നാലെ, റിസർവ് ബാങ്കിന്‍റെ പുതിയ പണനയം ഇന്ന്. വളർച്ചയെ ത്വരിതപ്പെടുത്താൻ പലിശ നിരക്ക് തുടർച്ചയായ രണ്ടാം തവണയും കാൽ ശതമാനം കുറച്ചേക്കുമെന്നാണ് സൂചന. അങ്ങനെ എങ്കിൽ റീപ്പോ നിരക്ക് ആറ് ശതമാനമായി കുറയും. വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവരുന്നത് അനുകൂല ഘടകമാണ്. ആഗോള തലത്തിലെ നികുതി ഭീഷണിയെ മറികടക്കാൻ മാറ്റം അനിവാര്യമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര വളർച്ചയ്ക്ക് മുൻതൂക്കം നൽകിയുള്ള നയങ്ങളാകും ഉണ്ടാകുക എന്ന് പുതിയ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര സൂചന നൽകിയിരുന്നു. Also Read: തിരിച്ചടിത്തീരുവ പ്രാബല്യത്തില്‍
അഞ്ചു വർഷത്തിനിടെ ആദ്യമായി അടിസ്ഥാന പലിശനിരക്ക് റിസർവ് ബാങ്ക് പണനയസമിതി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കാല്‍ ശതമാനം കുറച്ചത്. ഇതോടെ പുതിയ നിരക്ക് 6.25% ആയി. പിന്നാലെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശയും കുറഞ്ഞു. സ്ഥിരനിക്ഷേപ പലിശയും ആനുപാതികമായി കുറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഘട്ടംഘട്ടമായി 0.5–0.75 % പലിശ കുറച്ചേക്കുമെന്നാണു വിലയിരുത്തൽ.
2020 മേയിൽ കോവിഡ് കാലത്താണ് ഇതിനുമുൻപു പലിശ കുറച്ചത്. കോവിഡിനുശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശനിരക്ക് ഉയർത്തുകയും ചെയ്തു. വിലക്കയറ്റഭീഷണി ഒഴിഞ്ഞുതുടങ്ങിയ സാഹചര്യത്തിലാണ് സാമ്പത്തികവളർച്ചയ്ക്ക് ഉത്തേജനമേകാൻ പലിശനിരക്ക് കുറച്ചതെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. രാജ്യാന്തര വ്യാപാരമേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ജാഗ്രത തുടരുമെന്നും ന്യൂട്രൽ നയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂട്രൽ നയം അനുസരിച്ച് ആർബിഐക്ക് സാഹചര്യം പരിഗണിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.