ഉപയോക്താക്കളെ അമ്പരപ്പിച്ച് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 74000 കടന്നത് ഇന്നലെയാണ്. ഒരു പവൻ സ്വർണത്തിന് 74,320 രൂപയായിരുന്നു ഇന്നലെ വില. അതായത് ഇന്നലെ കൂടിയത് 2200 രൂപ. എന്നാല്‍ കൂടിയപോലെ തന്നെ വില തിരിച്ചിറങ്ങിയിരിക്കുകയാണ്. പവന് ഇന്നലെ കൂടിയ 2200 രൂപ കുറഞ്ഞ് 72,120 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് വില 9,015 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 225 രൂപ കുറഞ്ഞ് 7376 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് 300 രൂപ കുറഞ്ഞ് 9835 രൂപയാണ് വില.
രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായത്. എന്നാല്‍ ചൈനയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ഭീമമായ തിരിച്ചടിത്തീരുവ ക്രമേണ കുറയ്ക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനം സ്വര്‍ണ വിപണിയിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് വേണം കരുതാന്‍. ക്രമേണ കുറയും പക്ഷേ ഒരിക്കലും പൂജ്യത്തിലേക്കെത്തില്ലെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അങ്ങിനെയെങ്കില്‍ ഇനി സ്വര്‍ണവില താഴേക്കാണോ എന്ന പ്രതീക്ഷയും ചര്‍ച്ചയായിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഇന്നലെ ഔൺസിന് 3,496 ഡോളറായിരുന്നു സ്വര്‍ണവില. പിന്നീട് ഇതേവില 3,322 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,341 ഡോളറിലാണ്.
അക്ഷയതൃതീയ അടുത്തതിനാലും വിവാഹ സീസണുകള്‍ തുടങ്ങാനിരിക്കുന്നതിനാലും സ്വര്‍ണവിലയിലെ വര്‍ധന ഉപഭോക്താക്കളെ ആശങ്കപ്പെടുത്തിയിരുന്നു. ഇനിയും വര്‍ധിക്കുമോ എന്ന ആശങ്കയ്ക്ക് പിന്നാലെയാണ് കൂടിയ പോലെ സ്വര്‍ണവില താഴേക്കിറങ്ങിയത്. ഇന്നലെയായിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കായ പവന് 74320 എന്ന നിരക്കില്‍ സ്വര്‍ണമെത്തിയത്. ഏപ്രില്‍ എട്ടിനായിരുന്നു ഈ മാസം സ്വര്‍ണവില ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നത്. 65,800 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.