കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നാല് പുതിയ ഐ.ടി കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ഇതോടെ കമ്പനികളുടെ എണ്ണം എട്ടായി. മികച്ച അടിസ്ഥാനസൗകര്യവും മലബാറിന്റെ വികസന മുന്നേറ്റവുമാണ് യുവ സംരംഭകരെ ആകര്‍ഷിക്കുന്നത്.
2009 മുതല്‍ കോഴിക്കോട് എന്‍.ഐ.ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്സ് സൊല്യൂഷന്‍സാണ് കൂട്ടത്തില്‍ വലിയ കമ്പനി. നൂറിലധികം ജീവനക്കാര്‍. വിദേശത്തുള്‍പ്പെടെ നിരവധി കമ്പനികളുടെ അടിസ്ഥാന ശക്തി. മലബാറിന്റെ വളര്‍ച്ച കമ്പനിയുടെ മുന്നേറ്റത്തിന് ഏറെ സഹായമാകുമെന്ന് അഞ്ചംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ പ്രതീക്ഷ.
ദുബായ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ രണ്ടരവര്‍ഷം കൊണ്ട് തന്നെ മികവറിയിച്ച സിന്ഫോഗ് കോഡ്്ലാബ്സും മികച്ച വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ മൂന്ന് ജീവനക്കാരെന്നത് അറുപതായി ഉയര്‍ത്താന്‍ കഴിഞ്ഞ ലിമന്‍സി ടെക്നോളജീസ് മൂന്ന് ചെറുപ്പക്കാരുടെ മികവിന്റെ അടയാളം കൂടിയാണ്. 1993 മുതല്‍ ഐ.ടി രംഗത്തുള്ള ഓണ്‍ടാഷ് ഇന്ത്യ സൊല്യൂഷന്‍സ് തുടങ്ങി നാല് കമ്പനികളാണ് സൈബര്‍ പാര്‍ക്കിലൂടെ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നത്. എട്ട് കമ്പനികളിലായി 260 ലധികം ജീവനക്കാരുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ പുതിയ അഞ്ച് കമ്പനികള്‍ കൂടി സൈബര്‍ പാര്‍ക്കിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍.