jio-phone

ദീപാവലി അടുത്തു വരുന്നതോടെ പലരുടേയും കണ്ണുകൾ ഓഫറുകളിലേക്കാണ്. പ്രത്യേകിച്ചും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ. പല മോഡലുകൾക്കു വൻവിലക്കുറവായിരിക്കും ദീപാവലി നാളുകളിൽ. ഇതിനിടയിലാണ് ഒരു പുതിയ മൊബൈൽഫോണിന്റെ വരവും. രാജ്യത്തെ മുൻനിര ടെലികോം കമ്പനി ജിയോയും ഗൂഗിളും വികസിപ്പിച്ചെടുത്ത ജിയോഫോൺ നെക്സ്റ്റ് ദീപാവലിക്ക് വിപണിയിലെത്തും. 

 

6,499 രൂപ വിലയുള്ള ഫോൺ 1,999 രൂപയ്ക്ക് ഇഎംഐ ആയി സ്വന്തമാക്കാം. ബാക്കിയുള്ള തുക 18 –24 മാസത്തെ തവണകളായി അടച്ചാൽ മതി. ഇതിനായി ജിയോ ഫിനാൻസ് സൗകര്യവും നൽകുമെന്ന് കമ്പനി അറിയിച്ചു. ജിയോമാർട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയിൽ കടകൾ വഴി ഫോൺ വിതരണം ചെയ്യും. ഈ സ്റ്റോറുകൾ വഴി പേപ്പർലെസ് ഡിജിറ്റൽ ഫിനാൻസിങ് ഓപ്ഷൻ നൽകുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.

 

5.45 ഇഞ്ച് സ്ക്രീനുള്ള ജിയോഫോൺ നെക്സ്റ്റ് പ്രഗതി ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഇത് ആൻഡ്രോയിഡിന്റെ കസ്റ്റമൈസ്ഡ് പതിപ്പാണ്. മൾട്ടി-ടച്ച് എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിന്നിൽ 13 മെഗാപിക്സൽ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്.

 

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിൽ ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സുരക്ഷയുമുണ്ട്. ഇതിന്റെ ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ വർധിപ്പിക്കാം. ക്യുഎം-215 (1.3GHz വരെ ക്വാഡ് കോർ) എന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പാണ് ജിയോഫോൺ നെക്സ്റ്റിൽ നൽകുന്നത്.

 

3.5 എംഎം ഓഡിയോ ജാക്കും 2 ഡ്യുവൽ സിം നാനോ സ്ലോട്ടുകളുമുള്ള ഫോണിൽ 3,500 എംഎഎച്ച് ആണ് ബാറ്ററി. 10 ഭാഷകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാനും ഉള്ളടക്കം ഉപയോഗിക്കാനും സഹായിക്കുന്ന ഫീച്ചറുമുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ എച്ച്ഡിആർ മോഡിൽ മികച്ച ഫോട്ടോകളും വിഡിയോകളും പകർത്താമെന്നാണ് ജിയോഫോൺ നെക്സ്റ്റ് അവകാശപ്പെടുന്നത്. ചിത്രങ്ങൾക്ക് വിശാലമായ നിറവും ഡൈനാമിക് ശ്രേണിയും നൽകുമെന്നും പറയുന്നുണ്ട്.