5ജി സ്പെക്ട്രം ലേലത്തിനു പിന്നാലെ ഈ മാസം തന്നെ രാജ്യത്ത് 5ജി സേവനം നൽകിത്തുടങ്ങുമെന്ന പ്രഖ്യാപനവുമായി എയർടെലും റിലയൻസ് ജിയോയും. 5ജി സാങ്കേതികവിദ്യ ലഭ്യമാക്കാനായി എറിക്സൺ, നോക്കിയ, സാംസങ് എന്നീ കമ്പനികളുമായി കരാർ ഒപ്പുവച്ചതായി എയർടെൽ അറിയിച്ചു. 43,084 കോടി രൂപയുടെ സ്പെക്ട്രമാണ് ലേലത്തിൽ എയർടെൽ വാങ്ങിയത്.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ആകട്ടെ ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യ ദിനത്തിൽ 5ജി സേവനങ്ങൾ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോടിക്കണക്കിന് 5ജി സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന വരിക്കാർക്കായി 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജിയോ. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15 ന് തന്നെ ജിയോ 5ജി സേവനങ്ങൾ ആരംഭിച്ചേക്കും. 

‘ആസാദി കാ അമൃത് മഹോത്സവിന്റെ’ ഭാഗമായി രാജ്യത്ത് 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്നും ലോകോത്തരവും താങ്ങാനാവുന്നതുമായ 5ജി സേവനങ്ങൾ നൽകാൻ ജിയോ പ്രതിജ്ഞാബദ്ധമാണെന്നും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.

രാജ്യവ്യാപകമായുള്ള ഫൈബർ സാന്നിധ്യം, മികച്ച ഐപി നെറ്റ്‌വർക്ക്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സ്റ്റാക്ക്, മികവാർന്ന സാങ്കേതിക സംവിധാനങ്ങൾ, ആഗോള ടെക് കമ്പനികളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ 5ജി വിന്യസിക്കാൻ ജിയോ പൂർണമായും സജ്ജമാണെന്നും കമ്പനി അറിയിച്ചു.