TAGS

ഒരൊറ്റ നിമിഷം കൊണ്ട് ഫെയ്സ്ബുക് മേധാവി മാർക്ക് സക്ക‍ബർഗിന് നഷ്ടപ്പെട്ടത് 11.9 കോടി എഫ്ബി ഫോളോവേഴ്സിനെയാണ്. ഇതോടെ സക്കർബർഗിന്റെ ഫോളോവേഴ്സ് കേവലം 10,000 ആയി കുറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് നിരവധി ഫെയ്സ്ബുക് ഉപയോക്താക്കൾക്ക് ഫോളോവേഴ്‌സിനെ നഷ്‌ടപ്പെട്ടത്. 

 

മിക്കവരും ട്വിറ്ററിൽ ഇതേക്കുറിച്ച് പരാതിപ്പെടുകയും എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വിശദീകരിക്കാൻ മെറ്റാ പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മെറ്റായുടെ സിഇഒ മാർക്ക് സക്കർബർഗിനും ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടത് ടെക് ലോകത്തെ മിക്കവരെയും അദ്ഭുതപ്പെടുത്തിയിരിക്കയാണ്.

 

കാര്യമായ എന്തോ സാങ്കേതിക പ്രശ്നങ്ങൾ കാരണമായിരിക്കാം സക്കർബർഗിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 11.9 കോടിയിൽ നിന്ന് 10,000 ആയി താഴ്ന്നത്. പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീനും ഇതേ പരാതി ട്വീറ്റ് ചെയ്തിരുന്നു. ഇവർക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. ഫെയ്സ്ബുക്കിൽ ഒരു സുനാമി ഉണ്ടായി, അത് തന്റെ ഏകദേശം 900,000 അനുയായികളെ ഇല്ലാതാക്കുകയും 9000 പേരെ മാത്രമാണ് അവശേഷിപ്പിച്ചതെന്നും ഫെയ്സ്ബുക്കിന്റെ കോമഡി തനിക്ക് ഇഷ്ടപ്പെട്ടെന്നും അവർ ട്വീറ്റ് ചെയ്തു.

 

ഫെയ്സ്ബുക് അധികൃതർ ഈ പ്രശ്നം അംഗീകരിക്കുകയും ഫോളോവേഴ്‌സ് എണ്ണം ശരിയാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ ഈ തകരാറിന് പിന്നിലെ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പ്രശ്നം ഉടൻ പരിഹരിക്കുമെന്നും പറഞ്ഞു. ചിലർക്ക് അവരുടെ ഫെയ്സ്ബുക് പ്രൊഫൈലുകളിൽ സ്ഥിരതയില്ലാത്ത ഫോളോവേഴ്‌സ് എണ്ണം കാണുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു, അസൗകര്യം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു എന്നും മെറ്റാ വക്താവ് പറഞ്ഞു.