diamond

വജ്ര വ്യവസായത്തിന്‍റെ പുതിയ കേന്ദ്രമായ ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം എന്ന ഖ്യാതി ഡയമണ്ട് ബോഴ്സ് സ്വന്തമാക്കിക്കഴിഞ്ഞു. മുംബൈ– സൂറത്ത് വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ വലിയ ഓഫറുകളാണ് ഈ വ്യാപാരകേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.

വജ്ര വ്യാപാരത്തിന്‍റെ തലസ്ഥാനമായ സൂറത്തില്‍ എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലേക്ക് കൊണ്ടുവരുന്ന പടുകൂറ്റന്‍ വാണിജ്യ കേന്ദ്രം. അതാണ് ഡയമണ്ട് ബോഴ്സ്. 35 ഏക്കറിലായി 15 നിലയുള്ള ഒന്‍പത് കെട്ടിടങ്ങളുടെ സമുച്ചയം. 7.1 മില്യണ്‍ ചതുരശ്രയടി വിസ്തീര്‍ണം. ഓരേസമയം 65,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടം. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടമെന്ന നേട്ടവും ഡയമണ്ട് ബോഴ്സിന് സ്വന്തം. വജ്രത്തിന്‍റെ കട്ടിങ്, പോളിഷിങ്ങ് തുടങ്ങി ചെറുതും വലുതുമായ വ്യാപരങ്ങള്‍ക്കുള്ള ഇടം ഇവിടെ സജജമാണ്. ഇതോടെ മുംബൈയില്‍ നിന്നുള്ള വജ്ര വ്യാപാരം ഇവിടേക്ക് മാറും. ഇപ്പോള്‍ 137 ഓഫിസുകളുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. സമുച്ചയത്തിന്‍റെ ഉദ്ഘാടനം അടുത്തമാസം 17ന് പ്രധാനമന്ത്രി നിര്‍വഹിക്കും. അതേസമയം, വ്യാപാരികള്‍ക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളിലാണ് അധികൃതര്‍. ദിവസേന മുംബൈ– സൂറത്ത് റൂട്ടില്‍ രണ്ട് സര്‍വീസുകള്‍ തുടങ്ങാന്‍ വിമാനകമ്പനികളുമായി സഹകരിക്കും. യാത്രക്കാര്‍ കുറഞ്ഞാല്‍ അതിന്‍റെ ടിക്കറ്റ് തുക നല്‍കാന്‍ തയാറാണെന്നാണ് ഡയമണ്ട് ബോഴ്സ് അധികൃതരുടെ ഉറപ്പ്. കോവിഡ് സമയത്ത് സ്പൈസ്ജെറ്റും സര്‍വീസ് നിര്‍ത്തിയതോടെയാണ് ഈ റൂട്ടില്‍ യാത്രാപ്രതിസന്ധി ഉടലെടുത്തത്. രാജ്യാന്തരതലത്തില്‍ വജ്ര വ്യാപാരികളെ ആകര്‍ഷിക്കാന്‍ സൂറത്തില്‍ നിന്ന് ദുബായ്, സിംഗപ്പൂര്‍, ഹോങ്ങ്കോങ്ങ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങണമെന്ന ആവശ്യവും പരിഗണനയിലാണ്  .

Surat diamond bourse becomes world's largest office building