anil-ambani

ഒരിക്കല്‍ ലോക സമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനിയെ 2020 ഫെബ്രുവരിയിലാണ് യുകെ കോടതി പാപ്പരായി പ്രഖ്യാപിക്കുന്നത്. ചേട്ടന്‍ മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നനായി തുടരുമ്പോഴും മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോഴും ആഘോഷങ്ങള്‍ക്ക് പുറത്തായിരുന്നു അനിലിന്‍റെ സ്ഥാനം. പഴയ പ്രതാപത്തിലേക്ക് അനില്‍ അംബാനി തിരിച്ചു വരുകയാണോ? അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ഥാപനങ്ങള്‍ കട ബാധ്യതകള്‍ തീര്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

 

ഐ.സി.ഐസി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ‍ഡി.ബി.എസ് ബാങ്ക് എന്നിങ്ങനെ മൂന്ന് ബാങ്കുകളിലായി റിലയന്‍സ് പവറിനുള്ള കടങ്ങളുടെ 30-35 ശതമാനം കമ്പനി തീര്‍ത്തെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രചറും വായ്പ തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ജെസി ഫ്ളെവര്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി 2,100 കോടി രൂപയുടെ ബാധ്യത തീര്‍ക്കാനുള്ള ചര്‍ച്ചകളിലാണെണ് കമ്പനിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ റിലയന്‍സ് പവര്‍ കടരഹിതമാകാനാണ് പദ്ധതി. പ്രവര്‍ത്തന മൂലധന വായ്പ മാത്രമാകും കമ്പനിയുടെ കടം. ഇതോടൊപ്പം ജെസി ഫ്ളെവര്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് വായ്പ തിരിച്ചടവിനുള്ള സമയം മാര്‍ച്ച് 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കമ്പനികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് സമര്‍പ്പിച്ച കണക്ക് പ്രകാരം 2023 ഡിസംബര്‍ 31 വരെ റിലയന്‍സ് പവറിന്‍റെ കട ബാധ്യത 765 കോടി രൂപയാണ്. റിലയന്‍‌സ് ഇന്‍ഫ്രാസ്ട്രക്ചറിന് ഇതേ കാലയളവില്‍ 4,233 കോടി രൂപയുടെ ബാധ്യതയുണ്ട്.

 

ഈയിടെ കമ്പനി ധനസമാഹരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. മാര്‍ച്ച് 13 ന് വിഎഫ്എസ്ഐ ഹോള്‍ഡിങിന് ഓഹരികള്‍ അനുവദിച്ച് കമ്പനി 240 കോടി രൂപ സമാഹരിച്ചിരുന്നു. 

 

ഈ സംഭവങ്ങളുടെ ചുവട് പിടിച്ച് ബുധനാഴ്ച റിലയന്‍സ് പവര്‍ ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. അഞ്ച് ശതമാനം ഉയര്‍ന്ന് റിലയന്‍സ് പവര്‍ ഓഹരികള്‍ 23.90 രൂപയിലേക്ക് എത്തിയിരുന്നു. റിലയന്‍സ് ഇന്‍റഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും നേട്ടത്തിലാണ്. 253.40 ലേക്ക് ഉയര്‍ന്ന ഓഹരികള്‍ 3.96 ശതമാനം നേട്ടത്തില്‍ 249.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

 

anil ambani owned reliance power and reliance infrastructure cut its debt and stocks hit upper circut