റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ എയര്‍ടെല്ലും മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ജിയോയുടെ പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ക്ക് 34 മുതല്‍ 60 രൂപ വരെ നിരക്ക് കൂടും. വോഡഫോണ്‍– ഐഡിയയും വൈകാതെ നിരക്ക് വര്‍ധിപ്പിച്ചേക്കും.
ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോ തന്നെ രാജ്യത്ത് നിരക്ക് വര്‍ധനക്ക് തുടക്കമിട്ടു. പ്രീപെയ്ഡ്– പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് 12.5 മുതല്‍ 25 ശതമാനം വരെ വില കൂട്ടി. പ്രതിദിനം ഒരു ജിബി ഉപയോഗിക്കാവുന്ന 209 രൂപയുടെ റീച്ചാര്‍ജിന് ഇനി 249 രൂപ നല്‍കണം. ഡാറ്റയും കോളും ഉള്‍പ്പെടുന്ന പ്രതിമാസ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ക്ക് 34 രൂപ മുതല്‍ 60 രൂപ വരെയാണ് വില കൂട്ടിയത്. ഡാറ്റ ആഡ് ഓണ്‍ മുതല്‍ വാര്‍ഷിക പ്ലാനുകളുടെ വരെ വില വര്‍ധിപ്പിച്ചു. പ്രതിദിനം രണ്ട് ജിബിക്ക് മുകളിലുള്ള 5ജി ഡാറ്റ പ്ലാനുകള്‍ അണ്‍ലിമിറ്റഡാക്കി എന്നത് മാത്രമാണ് ഏക ആശ്വാസം.
എയര്‍ടെല്ലിന്‍റെ പ്രതിമാസ അണ്‍ലിമിറ്റഡ് നിരക്കുകള്‍ 20 രൂപ മുതല്‍ 50 രൂപ വരെ കൂടും. 21 ശതമാനം വരെയാണ് നിരക്ക് വര്‍ധന. 265 രൂപയുടെ പ്രതിമാസ അണ്‍ലിമിറ്റഡ് പ്ലാനിന് ഇനി 299 രൂപ നല്‍കണം. പുതിയ നിരക്കുകള്‍ അടുത്തമാസം മൂന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വോഡഫോണ്‍– ഐഡിയ കൂടി നിരക്ക് കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കുള്ള തിരിച്ചടി ഏതാണ്ട് പൂര്‍ണമാകും. ഏറ്റവും വിലകുറച്ച് ഡാറ്റ നല്‍കിയിരുന്ന ജിയോയാണ് ഇന്ന് നിരക്ക് വര്‍ധനവില്‍ മുന്‍പന്തിയില്‍ എന്നുള്ളതാണ് ഏറെ വിരോധാഭാസം.