കേന്ദ്ര ബജറ്റില്‍ ടെലികോം മന്ത്രാലയത്തിന് 1.28 ലക്ഷം കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരമന്‍. മന്ത്രാലയത്തിന് കീഴിലെ പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായ നീക്കിവെച്ച ഫണ്ടില്‍ സിംഹഭാഗവും പൊതുേമഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനാണ്. 1 ലക്ഷം കോടി രൂപ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ബന്ധപ്പെട്ട ചെലവുകള്‍ക്കാണ്. ഇതില്‍ 82,916 കോടി രൂപ ബിഎസ്എന്‍എല്‍ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമായി മാറ്റിവെച്ചിട്ടുണ്ട്. 

ഭാരത് സഞ്ചാര് നിഗം ​ലിമിറ്റഡിലെ ജീവനക്കാരും മഹാനഗർ ടെലിഫോൺ നിഗം ​ലിമിറ്റഡിലെ ജീവനക്കാരും ഉൾപ്പെടെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായി 17,510 കോടി രൂപ വകയിരുത്താൻ ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്. എംടിഎന്‍എല്‍ ബോണ്ടുകളുടെ പ്രിന്‍സിപ്പല്‍ തുക തിരിച്ചടയ്ക്കാന്‍ 3668.97 കോടി രൂപയാണ് മാറ്റിയത്. ഒപ്പം മദര്‍ബോര്‍ഡുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളുടെ കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനം ഉയര്‍ത്തി. ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.

4ജി സേവനങ്ങള്‍ രാജ്യവ്യാപാകമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ബിഎസ്എന്‍എല്ലിനെ ബജറ്റില്‍ പരിഗണിക്കുന്നത്.  ടെലികോം കമ്പനികള്‍ ഈയിടെ നിരക്കുയര്‍ത്തിയതിന് പിന്നാലെ ബിഎസ്‍എന്‍എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ കൂടുമാറ്റം കണ്ടിരുന്നു. സ്വകാര്യ കമ്പനികൾ റേറ്റ് കുത്തനെ കൂട്ടിയതോടെ ജൂലൈ മൂന്ന് മുതല്‍ 2.50 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. ഒപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചു. 

4ജി സേവനങ്ങള്‍ രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളാണ് ബിഎസ്എൻഎല്‍ നടത്തുന്നത്. ഇതിനായി കമ്പനി നേരത്തെ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ചേര്‍ന്ന് കരാറിലെത്തിയിരുന്നു. ടിസിഎസിനൊപ്പം ടാറ്റ കമ്പനിയായ തേജസും പൊതുമേഖലാ സ്ഥാപമായി സി–ഡോട്ടും ചേര്‍ന്നാണ് ബിഎസ്എന്‍എല്ലിന് വേണ്ടി 4ജി, 5ജി ടെക്നോളജിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ബിഎസ്എന്‍എല്ലിന് കീഴില്‍ 4ജി, 5ജി സേവനങ്ങൾ വേഗത്തില്‍ ആരംഭിക്കുമെന്ന് ഈയിടെ വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Budget 2024; Government proposed the allocation of Rs 1.28 lakh crore for telecom ministry. Majority of funds earmarked for state-owned BSNL. Rs 82,916 crore for technology upgradation and restructuring ofBSNL.