രാജ്യത്തെ ഏറ്റവും മൂല്യമേറിയ കുടുംബം അംബാനിയുടേത് തന്നെ. ബാർക്ലെയ്‌സ് പ്രൈവറ്റ് ക്ലയന്റ്‌സ് ഹുരൂൺ ഇന്ത്യയുടെ രാജ്യത്തെ മൂല്യമമേറിയ കുടുംബ ബിസിനസുകളുടെ റിപ്പോർട്ട് പ്രകാരം 25.75 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനി നയിക്കുന്ന അംബാനി കുടുംബത്തിൻറെ മൂല്യം. ഇന്ത്യൻ ജിഡിപിയുടെ 10 ശതമാനം വരുമിത്. ബജാജ് കുടുംബമാണ് രണ്ടാമത്. നിരജ് ബജാജ് നയിക്കുന്ന ബിസിനസിന്റെ മൂല്യം 7.13 ലക്ഷം കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ള കുമാർ മംഗളം ബിർലയുടെ കുടുംബ ബിസിനസിന് 5.39 ലക്ഷം മൂല്യം വരും. ഈ മൂന്ന് ബിസിനസ് കുടുംബങ്ങളുടെയും ആകെ മൂല്യം 38.27 ലക്ഷം കോടി രൂപ (460 ബില്യൺ ഡോളർ) ആണ്. ഇത് സിംഗപ്പൂർ ജിഡിപിക്ക് തുല്യമാണെന്നും റിപ്പോർട്ട് പറയുന്നു.
സജ്ജൻ ജിൻഡാൽ നയിക്കുന്ന ജിൻഡാൽസ് കുടുംബമാണ് നാലാമത്. 4.71 ലക്ഷം കോടി രൂപയാണ് ഇവരുടെ മൂല്യം. കുടുംബ ബിസിനസ് നയിക്കുന്നവരിൽ ആദ്യ പത്തിൽ എത്തി ആദ്യ ഏക വനിത എച്ച്‍സിഎൽ ടെന്കോളജീസ് ചെയർപോഴ്സണായ റോഷിനി നാഡാർ മൽഹോത്രയാണ്. ഇവർ നയിക്കുന്ന നാടാർ കുടുംബത്തിന്റെ മൂല്യം 4.30 ലക്ഷം കോടിയാണ്. മഹീന്ദ്ര കുടുംബം, ഏഷ്യൻ പെയിന്റ്സ് ഉടമകളായ ദാനി, ചൗക്സി, വക്കിൽ കുടുംബം, വിപ്രോയുടെ പ്രേംജി കുടുംബം, ഡിഎൽഎഫ്, മുരുഗപ്പ ഫാമിലി എന്നിവരാണ് പട്ടികയിലെ മറ്റു സ്ഥാനക്കാർ.
ആദ്യ തലമുറ കുടുംബ ബിസിനസുകളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള കുടുംബം അദാനിയുടേതാണ്. 15.44 ലക്ഷം കോടി രൂപയാണ് ഗൗതം അദാനി നയിക്കുന്ന അദാനി കുടുംബത്തിന്റെ മൂല്യം. 2.37 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉടമകളായ പൂനേവാല കുടുംബം (2.37 ലക്ഷം കോടി), ഫാർമ കമ്പനിയായ ഡിവിസ് ലബോറട്ടറീസ് ഉടമകളായ ഡിവി ഫാമിലി (91,200 കോടി) എന്നിവരാണ് തൊട്ടുപിന്നിൽ.