അദാനി ബന്ധമുള്ള ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്ന ആരോപണത്തിനൊപ്പം സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ നിരവധി ആരോപണങ്ങളാണ് ഹിൻഡൻബെർഗ് ഉന്നയിച്ചത്. ഇതിലൊന്നാണ് സെബിയുടെ ഭാഗമായിരിക്കെ മറ്റൊരു കമ്പനിയുടെ ഓഹരികൾ കൈവശം വെയ്ക്കുന്നു എന്നത്. ഇന്ത്യൻ കൺസൾട്ടിംഗ് കമ്പനിയായ അഗോറ അഡ്വൈസറിയിൽ മാധബി ബുച്ചിന് 99 ശതമാനം ഓഹരിയുണ്ടെന്ന് ഹിൻഡൻബെർഗ് റിപ്പോർട്ട് പറയുന്നു.
മാധബി ബുച്ചിന്റെ ഭർത്താവ് ധവൽ ബുച്ച് ഡയറക്ടറായ അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് 2013 മേയ് 7 നാണ് ആരംഭിക്കുന്നത്. കൺസൾട്ടിംഗാണ് കമ്പനിയുടെ പ്രധാന ബിസിനസ്. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 2.61 ലക്ഷം ഡോളറാണെന്ന് വാർഷിക റിപ്പോർട്ട് ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഇത് ഏകദേശം രണ്ട് കോടി രൂപ വരും. ഈ തുക സെബിയിൽ മുഴുവൻ സമയ ഡയറക്ടറായിരുന്ന കാലത്ത് മാധബി ബുച്ചിന് ലഭിച്ചതിനേക്കാൾ നാലിരട്ടി കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ മാധബി ബൂച്ച് സെബിയിൽ മുഴുവൻ സമയ ഡയറക്ടറായിരുന്ന കാലം മുഴുവൻ സിംഗപ്പൂർ കൺസൾട്ടിംഗ് കമ്പനിയായ അഗോറ പാർട്‌ണേഴ്‌സിൽ 100 ശതമാനം പങ്കാളിത്തമുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 മാർച്ച് 16 ന് സെബി ചെയർപേഴ്‌സണനായി നിയമിതയായി രണ്ടാഴ്ച ശേഷം ഇവ ഭർത്താവിലേക്ക് കൈമാറ്റം ചെയ്തു. സിംഗപ്പൂരിൽ ബിസിനസ് ആൻഡ് മാനേജ്‌മെന്റ് കൺസൾട്ടൻസി കമ്പനിയാണിത്. സാമ്പത്തിക രേഖകൾ പുറത്ത് വിട്ടിട്ടില്ലാത്തതിനാൽ ആർക്കുവേണ്ടിയാണ് കൺസൾട്ടിംഗ് നടത്തിയതെന്ന് വ്യക്തമല്ല.
2017 ഏപ്രിലിലാണ് സെബിയിൽ മുഴുവൻ സമയ അംഗമായി മാധബി ബുച്ച് എത്തുന്നത്. 2022 മാർച്ച് ഒന്ന് മുതലാണ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്.