2023 ൽ ഏഷ്യയിലെ അതിസമ്പന്നനെതിരെയുള്ള സാമ്പത്തിക ആരോപണം, 18 മാസത്തിന് ഇപ്പുറം രാജ്യത്തെ സെക്യൂരിറ്റി മാർക്കറ്റുകളുടെ നിയന്ത്രണാധികാരിയായ സെബിയുടെ അധ്യക്ഷയ്ക്ക് നേരെ ഗുരുതര ആരോപണങ്ങൾ. ഇന്ത്യൻ ഓഹരി വിപണിയെ ലക്ഷ്യമിടുന്ന ഹിൻഡൻബർഗിന് പിന്നിൽ ആരാണ്. വിരലിലെണ്ണാവുന്ന സാമ്പത്തിക ഗവേഷകരുടെ പിന്തുണയോടെ നാഥന്‍ ആന്‍ഡേഴ്സണെന്ന അമേരിക്കക്കാരനാണ് വിപണിയെ വിറപ്പിച്ച ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ നാഥന്‍. 2017 ഡിസംബറിലാണ് ഹിൻഡൻബർഗ് പഠനങ്ങളുടെ തുടക്കം. അന്നു തൊട്ട് ഇന്നുവരെ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ കശക്കിയെറിഞ്ഞത് 63 കമ്പനികളെ. ഇതില്‍ അമ്പത്തിയൊന്നു കമ്പനികളുടെ ഓഹരികളിലൂടെ ഹിഡന്‍ ബര്‍ഗ് ലാഭവുമുണ്ടാക്കി.
ആരാണ് നാഥൻ ആൻഡേഴ്സൺ
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ്. പബ്ലിക്ക് ലിസ്റ്റഡ് കമ്പനികളുടെ കോർപ്പറേറ്റ് തട്ടിപ്പാണ് ഹിഡന്‍ബര്‍ഗ് അന്വേഷിച്ച് കണ്ടെത്തുന്നത്. നിക്ഷേപത്തിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായിുള്ള അടിസ്ഥാന വിവരശേഖരണവും വിശകലനവുമാണ് കമ്പനി നടത്തുക. ഇത്തരത്തില്‍ പരിഗണിക്കുന്ന പബ്ലിക്ക് ലിസ്റ്റഡ് കമ്പനികള്‍ നടത്തിയിട്ടുള്ള സാമ്പത്തിക ക്രമക്കേടുകള്‍, മാനേജ്മെന്‍റുകളുടെ കെടുകാര്യസ്ഥത, വെളിപ്പെടുത്താത്ത ഇടപാടുകള്‍, എന്നിവയിലാണ് ഹിഡന്‍ബര്‍ഗിന്‍റെ അന്വേഷണം. ഇങ്ങനെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ വിപണിയിലെ സുതാര്യത ഉറപ്പാക്കുമെന്ന് ഒരുകൂട്ടം നിക്ഷേപകര്‍വാദിക്കുമ്പോള്‍, ഹിഡന്‍ബര്‍ഗിന്‍റെ ഷോര്‍ട്ട് സെല്ലിങ് തന്ത്രത്തെ വിമര്‍ശനബുദ്ധിതോടെ കാണുന്നവരും കുറവല്ല. ഹിൻഡൻബർഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതോടെ ഇടിയുന്ന വിപണിയില്‍ നിന്ന് ലാഭം കൊയ്യുന്നത് ധാര്‍മികതയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്
1937 ലെ ഹിൻഡൻബെർഗ് ദുരന്തത്തിൽ നിന്നാണ് നാഥൻ ആൻഡേഴ്സൺ സ്ഥാപനത്തിന് ഈ പേര് സ്വീകരിച്ചത്. മനുഷ്യ നിർമിത ദുരന്തം എന്നതാണ് പേരിലേക്ക് എത്താനുള്ള കാര്യം. കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റി ബിരുദധാരിയായ ആൻഡേഴ്സൺ ഫിനാൻസ് ഡാറ്റ കമ്പനിയായ ഫാക്ടസെറ്റിൽ കൺടസൾട്ടന്റായിരുന്നു. ന്യൂയോർക്കിലും വാഷിങ്ടണിലും ബ്രോക്കർ ജോലിയും ചെയ്തു.
ലാഭം വരുന്ന വഴി
ഹിൻഡൻബെർഗ് പഠനവും ഫോളോഅപ്പും അടക്കം 70 റിപ്പോർട്ടുകളാണ് 81 മാസത്തിനിടെ വന്നത്. 63 ലിസ്റ്റഡ് കമ്പനികളെയാണ് ലക്ഷ്യമിട്ടത്. ഇതില്‍ മൂന്നെണ്ണം ഇതിനോടകം പാപ്പരായി പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ കമ്പനിയായ എബിക്സ്, ഇലക്ട്രിക് വാഹന നിർമാതാക്കളായ ലോർഡ്സ് ടൗൺ മോട്ടോഴ്സ്, സൊറെന്‍റെ ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് കടക്കെണിയിലായത്. റിപ്പോർട്ടുകൾ പുറത്ത് വിട്ട് സ്വയം ലാഭമെടുക്കന്നതല്ല ഹിൻഡൻബെർഗിൻറെ രീതി.
പരസ്യപ്പെടുത്തും മുമ്പ് ഗവേഷണ റിപ്പോര്‍ട്ട് ഹിഡന്‍ബര്‍ഗ് ഒരു കൂട്ടം നിക്ഷേപകര്‍ക്ക് കൈമാറും. അവര്‍ കമ്പനികളില്‍ ഷോര്‍ട്ട് പൊസിഷന്‍ എടുക്കും. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ലാഭമെടുക്കുന്നതാണ് രീതി. ഇത്തരത്തിലുണ്ടാക്കുന്ന ലാഭത്തിൽ നിന്ന് കമ്മീഷൻ വഴിയാണ് ഹിൻഡൻബർഗിൻറെ വരുമാനം. കമ്പനി ലക്ഷ്യമിട്ട 63 കമ്പനികളിൽ 51 എണ്ണത്തിൽ നിന്നും ലാഭമുണ്ടാക്കാനായി എന്നാണ് റിപ്പോർട്ട്.
എന്താണ് ഷോർട്ട് സെല്ലിങ്
സാധാരണഗതിയിൽ ഓഹരികൾ വാങ്ങുന്നത് വില ഉയരുമെന്ന പ്രതീക്ഷയിലാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി, ഓഹരിയുടെ വില കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ നടത്തുന്ന ട്രേഡിങ് തന്ത്രമാണ് ഷോർട്ട് സെല്ലിംഗ്. ഷോര്‍ട്ട് സെല്ലിങ്ങിനെ 4ഘട്ടങ്ങളായി തിരിക്കാം. നിക്ഷേപകനും ബ്രോക്കറും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് സെല്ലിംഗ്. ഇതനുസരിച്ച് ആദ്യഘട്ടത്തല്‍ നിക്ഷേപകന്‍ ബ്രോക്കറില്‍ നിന്ന് അവര്‍ ആഗ്രഹിക്കുന്ന കമ്പനിയുടെ നിശ്ചിത എണ്ണം ഓഹരികള്‍ കടമായി വാങ്ങുന്നു. രണ്ടാംഘട്ടമായി കടമെടുത്ത ഓഹരികള്‍ നിലവിലെ വിലയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു. മൂന്നാംഘട്ടത്തില്‍ ഈ ഓഹരിയുടെ മൂല്യം ഇടിയുമ്പോള്‍ ബ്രോക്കറില്‍ നിന്ന് കടമെടുത്ത അത്രയും ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു. നാലാംഘട്ടമായി വാങ്ങിയ ഓഹരികള്‍ മടക്കി നല്‍കി ബ്രോക്കറുടെ കടം വീട്ടുന്നു. ഓഹരി വിറ്റവിലയും ഇടിഞ്ഞശേഷം വാങ്ങിയ വിലയും തമ്മിലുള്ള വ്യത്യാസം നിക്ഷേപകന് ലാഭമായി ലഭിക്കുന്നു.
നിക്കോള കോർപ്പറേഷൻ
2020 ൽ പുറത്തുവന്ന നിക്കോള കോർപ്പറേഷനെതിരായ റിപ്പോർട്ടാണ് ഹിൻഡൻബർഗിന്റെ റിപ്പോർട്ടുകളിൽ വലിയ പ്രധാന്യം അർഹിക്കുന്നത്. യുഎസിൽ നിന്നുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ നിക്കോള അതിൻ്റെ സാങ്കേതികവിദ്യയെയും കഴിവുകളെയും കുറിച്ച് നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് 2020 സെപ്റ്റംബറിൽ ഹിൻഡൻബർഗ് ആരോപിച്ചു. കമ്പനിയുടെ ഓഹരി വിലയിൽ ഇടിവിനൊപ്പം ഫെഡറൽ അതോറിറ്റിയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും കമ്പനിക്കെതിരെ അന്വേഷണം നടത്തി. 125 മില്യൺ ഡോളർ പിഴയടച്ച ശേഷമാണ് നിക്കോള യുഎസ് സെക്യൂരിറ്റി എക്സ്ചേഞ്ചുമായുള്ള കേസ് അവസാനിപ്പിച്ചത്. 2020 ജൂണിൽ ലിസ്റ്റ് ചെയ്ത സമയത്ത് 34 ബില്യൺ ഡോളറായിരുന്ന കമ്പനിയുടെ വിപണി മൂല്യം 1.34 ഡോളറിലേക്ക് താഴ്ന്നിരുന്നു.
അദാനിയിലെ ലാഭം എത്ര
2023 ജനുവരിയിൽ വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 12.50 ലക്ഷം കോടി (150 ബില്യൺ ഡോളർ) രൂപയാണ് ഇടിവുണ്ടായത്. അതേസമയം ഹിൻഡൻബർഗ് ഉണ്ടാക്കിയ ലാഭമാകട്ടെ വെറും 33.58 കോടി (4 മില്യൺ ഡോളർ) രൂപ. സെബി ഹിൻഡൻബർഗിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം, അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് വിടുന്നതിന് രണ്ട് മാസം മുൻപ് കിങ്ടൺ ക്യാപിറ്റൽ മാനേജ്മെന്റ് എന്ന സ്ഥാപനത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. അദാനി ട്രേഡിൽ നിന്നുള്ള ലാഭത്തിന്റെ 30 ശതമാനമാണ് കിങ്ടൺ ക്യാപിറ്റൽ ഹിൻഡൻബർഗിന് വാഗ്ദാനം ചെയ്തത്. ഇതിൽ 4.1 മില്യൺ ഡോളർ കിങ്ടൺ കൈമാറിയെന്ന് സെബി വ്യക്തമാക്കുന്നു. 1.4 മില്യൺ ഇതുവരെ കൈമാറിയിട്ടില്ല. ഈ ആരോപണം ഹിൻഡൻബർഗ് നിഷേധിക്കുകയായിരുന്നു.