സ്വാതന്ത്ര്യസമരത്തെ കുറിച്ച് പഠിക്കുമ്പോൾ മറക്കാനാകാത്ത പേരാണ് ഈസ്റ്റ് ഇന്ത്യ കമ്പനി. 400 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കമ്പനിയാണെങ്കിലും ഇന്ത്യൻ ചരിത്രത്തോട് അത്രത്തോളം ചേർന്നു നിൽക്കുന്നതാണ് ഈ ഇംഗ്ലിഷ് കമ്പനി. 1858 ൽ പ്രവർത്തനം അവസാനിപ്പിച്ച കമ്പനി ഇംഗ്ലിഷുകാർ പുനരുജ്ജീവിപ്പിച്ചെങ്കിലും നിലവിൽ കമ്പനിയുടെ ഉടമസ്ഥൻ ഇന്ത്യക്കാരനാണ്. ഇന്ത്യയെ ചൂഷണം ചെയ്ത് കൈയടക്കി വച്ച ചരിത്രം പേറുന്ന കമ്പനിയെ ഇന്ന് ഭരിക്കുന്നത് ഇന്ത്യക്കാരനായ സഞ്ജീവ് മേത്തയാണ്.
ആരാണ് സഞ്ജീവ് മേത്ത
1961 ൽ മുംബൈയിൽ ഗുജറാത്തി ജെയിൻ കുടുംബത്തിലാണ് സഞ്ജീവ് മേത്ത ജനിച്ചത്. 1920 കളിൽ ബെൽജിയത്തിൽ രത്ന വ്യാപാരം നടത്തിയ ഗഫൂർചന്ദ് മേത്തയാണ് ഇദ്ദേഹത്തിന്റെ മുത്തച്ഛൻ. മുംബൈയിലെ വിദ്യാഭ്യാസ ശേഷം മേത്ത ബിസിനസിനായി ലണ്ടനിലേക്ക് എത്തി. മുംബൈയിലെ സിഡെൻഹാം കോളജ്, അഹമ്മദാബാദ് ഐഐഎം, ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക എന്നിവിടങ്ങളിലെ പഠന ശേഷമായിരുന്നു ഈ ലണ്ടൻ യാത്ര.
27-ാം വയസിൽ ലണ്ടൻ ജീവിതം ആരംഭിച്ച മേത്ത ഫർണിച്ചർ മുതൽ കാസിയോ വാച്ച് വരെ അക്കാലത്ത് വിറ്റു. ഹുഗ്ഗി ബ്രാൻഡിലുള്ള വാട്ടർ ബോട്ടിൽ ഹിറ്റായതോടെ 80,000 യൂറോയ്ക്ക് ബിസിനസ് വിറ്റ് പുതിയ വ്യാപാരത്തിലേക്ക് കടന്നു. യൂണിലിവർ, നെസ്ലെ പോലുള്ള കമ്പനികളുടെ ഉൽപന്നങ്ങളുടെ വിതരണത്തിലേക്ക് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചു.
20 മിനിറ്റിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരി
2003 ലെ നവംബർ മാസത്തിലാണ് സഞ്ജീവ് മേത്ത സെൻട്രൽ ലണ്ടനിലെ സെൻറ് ജെയിംസ് സ്ക്വയറിലുള്ള ഈസ്റ്റ് ഇന്ത്യ ക്ലബിലേക്ക് എത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള ചർച്ചകൾക്കായി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്ടറെ കാണാനുള്ളതായിരുന്നു ഈ വരവ്. എന്നാൽ 10പത്ത് മിനുട്ട് ചർച്ചയിൽ തന്നെ മാനേജ്മെൻറിന് ബിസിനസ് നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് മേത്തയ്ക്ക് മനസിലായി. കമ്പനി വിൽക്കുമെന്ന് മനസിലാക്കിയ മേത്ത കസേര നീക്കി ഇംഗ്ലീഷുകാരന് അടുത്തിട്ടു. ഒരു പേപ്പറെടുത്ത് വിലയിട്ട് ഇംഗ്ലീഷ്കാരന് നേരെ നീട്ടി. രണ്ട് സെക്കന്റിന് ശേഷം സായിപ്പ് സമ്മതംമൂളി. അങ്ങനെ 20 മിനുട്ടിനുള്ളിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ 21 ശതമാനം ഓഹരികൾ വാങ്ങിയതെന്ന് മേത്ത തന്നെ പിന്നീട് വെളിപ്പെടുത്തി. പിന്നീട് 2005 ൽ മേത്ത കമ്പനിയുടെ 38 ഓഹരി ഉടമകളിൽ നിന്നും ഉടമസ്ഥാവകാശം സ്വന്തമാക്കി. 'എന്നെ സംബന്ധിച്ചിടത്തോളം അതൊരു വൈകാരിക തീരുമാനമായിരുന്നു. നമ്മളെ ഭരിച്ച, ലോകത്തിന്റെ പകുതി സ്വന്തമാക്കിയിരുന്ന കമ്പനിയെ എനിക്ക് വാങ്ങണമായിരുന്നു' വെന്നാണ് പിന്നീടൊരിക്കൽ മേത്ത ഇക്കാര്യം ഓർത്തെടുത്തത്. 2010 ല്‍ റീലോഞ്ച് ചെയ്ത കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ് മേത്ത.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിസിനസ്
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിനൊപ്പം കമ്പനി രേഖകളുടെ പുനപ്രസിദ്ധീകരണം, മ്യൂസിയത്തിലുള്ള പ്രദർശന വസ്തുക്കളുടെ പകർപ്പവകാശം, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലൈബ്രറി വസ്തുക്കൾ റെക്കോർഡുകൾ എന്നിവയും മേത്തയ്ക്ക് ലഭിച്ചു. ഒപ്പം 1980തിൽ കമ്പനി പുനരാരംഭിച്ചപ്പോൾ അവതരിപ്പിച്ച ടീ ബിസിനസും മേത്തയ്ക്ക് സ്വന്തമാണ്. പുതിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിസിനസും വൈവിധ്യം നിറഞ്ഞതാണ്.
വിദേശ ഉത്പ്പന്നങ്ങൾ, പ്രത്യേക ചായകൾ, സുഗന്ധവ്യഞ്ജനങ്ങൾ, സ്വർണ നാണയങ്ങൾ, ഹോട്ടൽ, റസ്റ്റോറൻറ് ബ്രാൻഡഡ് റിയൽ എസ്റ്റേറ്റ് എന്നിയെന്നിങ്ങനെ 280 വൈവിധ്യമാർന്ന ചായകൾ, 100 വൈവിധ്യമാർന്ന ചോക്ലേറ്റ് എന്നിവയാണ് കമ്പനിയുടെ ബിസിനസ്.
ഈസ്റ്റ് ഇന്ത്യ കമ്പനി
1611 ൽ ആരംഭിച്ച കമ്പനി 1858 വരെ ഇന്ത്യ ഭരിച്ചു 1874 ഓടെ രാജ്ഞി കമ്പനി പിരിച്ചുവിട്ട് ഓഹരി ഉടമകൾക്ക് നഷ്ടപരിഹാരം നൽകി. ശേഷം 1980 തിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി പുനർജനിക്കുന്നത്. ഒരുകൂട്ടം ഇംഗ്ലിഷ് ബിസിനസുകാരാണ് രാജ്ഞിയുടെ അനുമതിയോടെ ചായ, കാപ്പി ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങിയത്.