gm-lay-off

image: facebook.com/Davslens/photos

TOPICS COVERED

നൂറുകണക്കിന് സോഫ്റ്റ്​വെയര്‍ എന്‍ജിനീയര്‍മാരുള്‍പ്പടെ ശമ്പളം കൈപ്പറ്റിയിരുന്ന 1000 ജീവനക്കാരെ ജനറല്‍ മോട്ടോഴ്സ് പിരിച്ചുവിട്ടു. കമ്പനിയുടെ ഭാവിയെക്കരുതി ധീരമായ തീരുമാനങ്ങളെടുക്കാന്‍ സ്ഥാപനം നിര്‍ബന്ധിതരാവുകയാണെന്നും കൂടുതല്‍ മെച്ചമുണ്ടാകുന്ന നിക്ഷേപങ്ങളിലേക്ക് തിരിയുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനറല്‍ മോട്ടോഴ്സിലെ തൊഴിലാളികളുടെ 1.3 ശതമാനമാണ് നിലവില്‍ പിരിച്ചുവിടപ്പെട്ടത്. പിരിച്ചുവിടല്‍ ജനറല്‍ മോട്ടോഴ്സിന്‍റെ യുഎസിലെ പ്രവര്‍ത്തനങ്ങളെയാകും ബാധിക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ മാത്രമാണ് പിരിച്ചു വിടുന്നതായി ജീവനക്കാര്‍ക്ക് അറിയിപ്പ് ലഭിച്ചത്. 

കമ്പനിയിലെ സോഫ്റ്റ്​വെയര്‍ , സേവന വിഭാഗങ്ങളിലെ ആളുകളെ കുറയ്ക്കുകയാണെന്ന് അറിയിച്ചായിരുന്നു വെട്ടിച്ചുരുക്കല്‍. അതേസമയം, തലപ്പത്തെ മാറ്റങ്ങളാണ് നിരവധിപ്പേരുടെ ജോലി തെറിപ്പിച്ചതെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.  ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് ജനറല്‍ മോട്ടോഴ്സില്‍ നിന്നും മൈക്ക് അബോട്ട് കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് കൃത്യം ആറുമാസങ്ങള്‍ പിന്നിട്ടതോടെയാണ് അടിമുടി അഴിച്ചുപണിയെന്നതും ശ്രദ്ധേയമാണ്. 

ഇലക്ട്രോണിക്– സോഫ്​റ്റ്​വെയര്‍ നിയന്ത്രിത വാഹനങ്ങളുടെ നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ജനറല്‍ മോട്ടോഴ്സിനെ ആശങ്കയിലാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയതായി ഇറക്കിയ ഷെവി ബ്ലേസര്‍ ഇവിയില്‍ സാരമായ സോഫ്​റ്റ്​വെയര്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്‍ഫോട്ടെയ്ന്‍​മെന്‍റ് സ്ക്രീന്‍ ബ്ലാങ്ക് ആവുക, ചാര്‍ജിങ് തകരാര്‍ സന്ദേശങ്ങള്‍ വരി തുടങ്ങിയവ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ ഡിസംബറില്‍ വാഹനത്തിന്‍റെ വില്‍പ്പന കമ്പനി നിര്‍ത്തി വച്ചിരുന്നു. ഇത് പിന്നീട് മാര്‍ച്ചില്‍ നീക്കുകയും ചെയ്തു. 

ടെസ്​ലയുടെ  ഫുള്‍ സെല്‍ഫ് ഡ്രൈവിങ് സംവിധാനത്തിന് ബദലായി പ്രഖ്യാപിച്ച അള്‍ട്രാ ക്രൂയിസ് പദ്ധതിയും ജനറല്‍ മോട്ടോഴ്സ് പിന്‍വലിച്ചിരുന്നു.  വിപണിയിലെ തിരിച്ചടികളും പിരിച്ചു വിടലുകളും തുടരുമ്പോഴും ഡ്രൈവറില്ലാക്കാറുകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനിയെന്നും 2025 അവസാനത്തോടെ ഇത് പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ENGLISH SUMMARY:

General Motors lays off over 1,000 employees